മമ്മൂട്ടിയുടെ ആ 7 സിനിമകളാണ് ദുല്‍ക്കറിന്‍റെ പാഠപുസ്തകങ്ങള്‍ !

തിങ്കള്‍, 10 ജൂണ്‍ 2019 (16:11 IST)
നാലുപതിറ്റാണ്ടുകാലമായി മലയാള സിനിമയിലെ ഒന്നാമന്‍ സ്ഥാനം നിലനിര്‍ത്തിയിരിക്കുന്ന മഹാനടന്‍ മമ്മൂട്ടിയുടെ കരിയറും സിനിമകളും ഓരോ ദിവസവും പഠനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണല്ലോ. എങ്കില്‍ മകനും യുവസൂപ്പര്‍താരവുമായ ദുല്‍ക്കര്‍ സല്‍മാന് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടിച്ചിത്രങ്ങള്‍ ഏതൊക്കെയായിരിക്കും?
 
ഏതൊരു മലയാളിയെയും പോലെ ദുല്‍ക്കര്‍ സല്‍മാനും ഏറ്റവും ഇഷ്ടമുള്ള മമ്മൂട്ടിച്ചിത്രം അമരമാണ്. ആ സിനിമയില്‍ മമ്മൂട്ടി കാഴ്ചവച്ച പ്രകടനം എക്കാലത്തെയും റഫറന്‍സ് ആണ്. ഒരു നായികയുടെ അച്ഛനായി അഭിനയിക്കാന്‍ അക്കാലത്ത് മമ്മൂട്ടി കാണിച്ച ചങ്കൂറ്റമാണ് ദുല്‍ക്കറിനെ പ്രധാനമായും ആകര്‍ഷിക്കുന്നത്. 
 
ലോഹിതദാസിന്‍റെ തന്നെ തിരക്കഥയിലൊരുങ്ങിയ തനിയാവര്‍ത്തനം ആണ് ദുല്‍ക്കറിന്‍റെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു മമ്മൂട്ടിച്ചിത്രം. ഭ്രാന്തില്ലെങ്കിലും സമൂഹം വിരിക്കുന്ന ചിലന്തിവലയില്‍ അകപ്പെട്ടുപോകുന്ന ബാലന്‍ മാഷിനെ ഒരിക്കലും മറക്കാനാവില്ലെന്നാണ് ദുല്‍ക്കര്‍ പറയുന്നത്.
 
കാണുമ്പോഴൊക്കെയും ആവേശമേറുന്ന സിനിമയാണ് ഒരു വടക്കന്‍ വീരഗാഥ. മമ്മൂട്ടിയുടെ പ്രിയപ്പെട്ട സിനിമകള്‍ ഏതൊക്കെയെന്ന് ഓര്‍ക്കുമ്പോള്‍ ദുല്‍ക്കറിന്‍റെ മനസില്‍ ആ വടക്കന്‍‌പാട്ടുകഥയും അതിലെ ചതിയനല്ലാത്ത ചന്തുവുമുണ്ട്.
 
ബഷീറിന്‍റെ പ്രണയം സ്ക്രീനിലേക്ക് ആവാഹിച്ചപ്പോള്‍ അതില്‍ ബഷീറായി വന്നത് മമ്മൂട്ടി. അടൂര്‍ ഗോപാലകൃഷ്ണന്‍റെ മതിലുകള്‍ ആണ് ഡിക്യു ഇഷ്ടപ്പെടുന്ന മറ്റൊരു മമ്മൂട്ടിച്ചിത്രം. ഏതെങ്കിലും ഒരു അസിസ്റ്റന്‍റിന്‍റെ ഡയലോഗുകള്‍ക്കൊത്തായിരിക്കും മമ്മൂട്ടി ആ ചിത്രത്തില്‍ പ്രണയം അവതരിപ്പിച്ചിരിക്കുക എന്നും അത് അത്ര നിസാര കാര്യമല്ലെന്നും ദുല്‍ക്കറിനറിയാം.
 
അടൂര്‍ ഗോപാലകൃഷ്ണന്‍റെ തന്നെ വിധേയന്‍ ദുല്‍ക്കറിന് ഏറ്റവും പ്രിയപ്പെട്ട ഒരു മമ്മൂട്ടി സിനിമയാണ്. ഭാസ്കര പട്ടേലര്‍ എന്ന കഥാപാത്രത്തിന്‍റെ ലുക്കിലും നോട്ടത്തിലും സംസാരത്തിലുമുള്ള ക്രൌര്യം ഇപ്പോഴും ഉള്‍ക്കിടിലമുണര്‍ത്തുന്നതാണ്.
 
ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത പൊന്തന്‍‌മാട മമ്മൂട്ടിയുടെ അസാധാരണമായ അഭിനയ വൈദഗ്ധ്യവും രൂപമാറ്റത്തിന്‍റെ സവിശേഷതകളും ഒത്തിണങ്ങിയ കഥാപാത്രത്തെ മലയാളത്തിന് സമ്മാനിച്ചു. വളരെ സ്റ്റൈലായും നീറ്റായും ഡ്രസ് ചെയ്യുന്ന മമ്മൂട്ടി എത്ര മനോഹരമായാണ് പൊന്തന്‍‌മാടയെ അവതരിപ്പിച്ചതെന്നത് ദുല്‍ക്കര്‍ ഇപ്പോഴും അത്ഭുതം കൂറുന്ന കാര്യമാണ്.
 
അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ്ബി മമ്മൂട്ടിയുടെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രമായ ബിലാലിനെ അവതരിപ്പിച്ച സിനിമയാണ്. ആ സിനിമയുടെയും കഥാപാത്രത്തിന്‍റെയും ഫാനാണ് ദുല്‍ക്കര്‍ സല്‍മാന്‍.
 
ദുല്‍ക്കര്‍ മനസില്‍ നിന്ന് എടുത്തുപറഞ്ഞ ഈ ഏഴ് മമ്മൂട്ടിച്ചിത്രങ്ങളും എല്ലാ മലയാളികള്‍ക്കും പ്രിയപ്പെട്ടവ തന്നെയാണെന്നതാണ് വാസ്തവം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍