ഈ നാട്, ഇനിയെങ്കിലും എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് തിരക്കഥാകൃത്ത് ടി ദാമോദരന്‍ ‘ഉണരൂ’ എഴുതിയത്. എന്‍ ജി ജോണ്‍ എന്ന ജിയോ കുട്ടപ്പന്‍ ആയിരുന്നു ചിത്രം നിര്‍മ്മിച്ചത്. 1984 ഏപ്രില്‍ 14ന് വിഷു ചിത്രമായാണ് ഉണരൂ പ്രദര്‍ശനത്തിനെത്തിയത്. ചിത്രം ആദ്യദിവസം തന്നെ കണ്ട മമ്മൂട്ടി നിര്‍മ്മാതാവിനെ വിളിച്ച് ഈ സിനിമയുടെ ക്ലൈമാക്സ് മാറ്റണം എന്ന് ആവശ്യപ്പെട്ടു.
ക്ലൈമാക്സ് മാറ്റിയാല്‍ പടം ഹിറ്റാകുമെന്നും അല്ലെങ്കില്‍ ബോക്സോഫീസില്‍ നേട്ടമുണ്ടാക്കില്ലെന്നും മമ്മൂട്ടി നിര്‍മ്മാതാവിനോട് പറഞ്ഞത്രേ. ക്ലൈമാക്സ് മാറ്റി ഷൂട്ട് ചെയ്യാന്‍ വേണമെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കാമെന്നും മമ്മൂട്ടി ഓഫര്‍ ചെയ്തു. എന്നാല്‍ അന്നത്തെക്കാലത്ത് ക്ലൈമാക്സ് മാറ്റുന്നതൊന്നും ചിന്തിക്കാന്‍ കഴിയുന്ന സംഗതിയായിരുന്നില്ല. ആ ചിത്രം അങ്ങനെ തന്നെ തുടരട്ടെ എന്നാണ് നിര്‍മ്മാതാവ് നിലപാടെടുത്തത്.
വളരെ ലൌഡ് ആയ, ഡയലോഗ് ഓറിയന്‍റഡായ തിരക്കഥകളാണ് ടി ദാമോദരന്‍റേത്. എന്നാല്‍ പതിഞ്ഞ താളത്തിലുള്ള, ദൃശ്യങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമകളോടാണ് മണിരത്നത്തിന് പ്രിയം. ഈ രണ്ട് വ്യത്യസ്ത രീതികളും തമ്മില്‍ ക്ലാഷായതാണ് ‘ഉണരൂ’ എന്ന സിനിമ ബോക്സോഫീസില്‍ വീഴാന്‍ കാരണം.
മോഹന്‍ലാലിനെക്കൂടാതെ സുകുമാരന്‍, രതീഷ്, ബാലന്‍ കെ നായര്‍, ഉണ്ണിമേരി, സബിത ആനന്ദ് തുടങ്ങിയവരും ആ സിനിമയില്‍ അഭിനയിച്ചിരുന്നു. ഇളയരാജയായിരുന്നു സംഗീതം.