‘ഒടിയന്‍’ ഒട്ടേറെ വിവാദങ്ങളിലൂടെ കടന്നുപോയ സിനിമയാണ്. അതിന് പ്രധാനമായും കാരണമായത് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍റെ അവകാശവാദങ്ങള്‍ ആയിരുന്നു. ഈ ചിത്രത്തിലൂടെ മോഹന്‍ലാലിന് ഓസ്കര്‍ വരെ ലഭിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്നായിരുന്നു സംവിധായകന്‍ പ്രഖ്യാപിച്ചത്.
എന്നാല്‍, ഇത്തവണത്തെ സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഒടിയനിലെ അഭിനയം മോഹന്‍ലാലിന് പുരസ്കാരം നേടിക്കൊടുത്തില്ല. ജയസൂര്യയും സൌബിനുമാണ് മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടത്. മികച്ച സ്വഭാവനടനുള്ള പുരസ്കാരം ജോജുവും സ്വന്തമാക്കി.
മികച്ച നടനാകാനുള്ള മത്സരത്തില്‍ ഒടിയനിലൂടെ മോഹന്‍ലാലും ഉള്‍പ്പെട്ടെങ്കിലും അന്തിമ റൌണ്ടിലേക്ക് എത്താന്‍ കഴിഞ്ഞില്ല. അവിടെ ജയസൂര്യയും സൌബിനും ജോജുവും തമ്മിലായിരുന്നു മത്സരം.
ഒടിയനില്‍ മോഹന്‍ലാല്‍ മികച്ച അഭിനയം കാഴ്ചവച്ചിരുന്നു എന്നത് സത്യമാണ്. ആ അഭിനയപ്രകടനവും അതിനായുള്ള സമര്‍പ്പണവും അംഗീകരിക്കപ്പേടേണ്ടതുതന്നെയാണ്. എന്നാല്‍ അതിലും മികച്ച സിനിമകളിലെ പ്രകടനവുമായാണ് ജയസൂര്യയും സൌബിനും അവാര്‍ഡ് സ്വന്തമാക്കിയത്.
ക്യാപ്ടന്‍, ഞാന്‍ മേരിക്കുട്ടി എന്നീ സിനിമകളിലെ തികച്ചും വ്യത്യസ്തങ്ങളായ പ്രകടനത്തിലൂടെയാണ് ജയസൂര്യ അവാര്‍ഡ് നേടിയത്. സുഡാനി ഫ്രം നൈജീരിയയാണ് സൌബിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.