ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ പ്രിയപത്‌നി ഗൗരി ഖാന്‍ ഇന്ന് തന്റെ 51-ാം ജന്മദിനം ആഘോഷിക്കുകയാണ്. സിനിമകള്‍ പോലെ ഉദ്വേഗം നിറഞ്ഞ പ്രണയകഥയായിരുന്നു ഷാരൂഖിന്റേതും ഗൗരിയുടേയതും. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്.
ഒരു പൊതു സുഹൃത്തിന്റെ വിവാഹ ആഘോഷ വേളയിലാണ് ഗൗരിയും ഷാരൂഖും ആദ്യമായി കണ്ടുമുട്ടുന്നത്. 1984 ലായിരുന്നു അത്. ഷാരൂഖിന് അന്ന് പ്രായം 18 വയസ് മാത്രം. ഗൗരിക്ക് 14 വയസ്സും. ആ വിവാഹ വേദിയില്‍ വച്ച് ഇരുവരും സംസാരിച്ചു. നല്ല സുഹൃത്തുക്കളെ പോലെയായി.
അങ്ങനെയിരിക്കെ ഷാരൂഖ് ഖാനോട് പറയാതെ ഗൗരി താമസം മാറി. തങ്ങളുടെ ബന്ധം അത്ര ആഴത്തിലെത്തിയിട്ടില്ലെന്ന് തോന്നിയതുകൊണ്ടാണ് ഗൗരി ഷാരൂഖിനോട് യാത്ര ചോദിക്കാതിരുന്നത്. എന്നാല്‍, ഷാരൂഖിനെ ഇത് വേദനിപ്പിച്ചു. ഗൗരിയുടെ കുടുംബം മുംബൈയിലേക്ക് പോയതറിഞ്ഞ ഷാരൂഖ് പോക്കറ്റില്‍ കുറച്ച് പണവുമായി മുംബൈയിലേക്ക് എത്തി. ഒരു സുഹൃത്തും ഷാരൂഖിനൊപ്പമുണ്ടായിരുന്നു.
കൈയിലുള്ള പണം കഴിഞ്ഞപ്പോള്‍ തിരിച്ചുപോകാമെന്ന് സുഹൃത്ത് ആവശ്യപ്പെട്ടു. എന്നാല്‍, ഷാരൂഖ് സമ്മതിച്ചില്ല. ഒടുവില്‍ ഗൊരായ് ബീച്ചില്‍ വച്ച് ഷാരൂഖ് ഗൗരിയെ കണ്ടുമുട്ടി. അപ്പോഴാണ് ഷാരൂഖിന് തന്നോടുള്ള പ്രണയം എത്ര തീവ്രമാണെന്ന് ഗൗരി മനസിലാക്കുന്നത്.
ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നു. ഇരുവരും രണ്ട് മതവിഭാഗത്തില്‍പ്പെട്ടവരാണ്. വീട്ടുകാര്‍ക്കിടയില്‍ എതിര്‍പ്പുണ്ടായിരുന്നു. രണ്ട് പേര്‍ക്കും പക്വത ആയിട്ടില്ലെന്ന് ഗൗരിയുടെ വീട്ടുകാര്‍ പറഞ്ഞു. ഒടുവില്‍ വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്ക് പിന്നാലെ 1991 ല്‍ ഷാരൂഖ് ഗൗരിയെ വിവാഹം കഴിച്ചു. ഒക്ടോബര്‍ 25 നായിരുന്നു വിവാഹം. ഇരുവരും ഒന്നിച്ചിട്ട് 30 വര്‍ഷം ആയി.