ക്രിസ്‌മസിന് മമ്മൂട്ടിയോട് മത്സരിക്കാന്‍ മോഹന്‍ലാല്‍ വരില്ല; ബിഗ് ബ്രദര്‍ പിന്‍‌മാറിയത് ഷൈലോക്കിനെ പേടിച്ചോ?

അമല്‍ സീതത്തോട്

വെള്ളി, 1 നവം‌ബര്‍ 2019 (17:43 IST)
മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ആക്ഷന്‍ ഫാമിലി ത്രില്ലര്‍ ‘ഷൈലോക്ക്’ ക്രിസ്‌മസിന് പ്രദര്‍ശനത്തിനെത്തുകയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ മീനയാണ് നായിക. തമിഴിലെ പ്രശസ്‌ത താരം രാജ്‌കിരണ്‍ ഷൈലോക്കില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴില്‍ ‘കുബേരന്‍’ എന്ന പേരിലും ഈ സിനിമ റിലീസ് ചെയ്യും.
 
അതേസമയം, ഷൈലോക്കും മോഹന്‍ലാലിന്‍റെ ബിഗ് ബ്രദര്‍ എന്ന കോമഡി ത്രില്ലറും ക്രിസ്‌മസിന് ഒരേദിവസം പ്രദര്‍ശനത്തിനെത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മമ്മൂട്ടി - മോഹന്‍ലാല്‍ പോരാട്ടത്തിന് ഈ ക്രിസ്‌മസ് കാലം വേദിയാകുമെന്നാണ് പ്രതീക്ഷിച്ചത്.
 
എന്നാല്‍ ക്രിസ്‌മസ് റിലീസ് എന്ന പ്ലാനില്‍ നിന്ന് ബിഗ് ബ്രദര്‍ പിന്‍‌മാറിയിരിക്കുകയാണ്. സിദ്ദിക്ക് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ ഷൈലോക്കിനെ നേരിടാന്‍ ബിഗ് ബ്രദര്‍ എത്തില്ലെന്നുമാണ് വിശദീകരണം. ജനുവരി 30നാണ് ബിഗ് ബ്രദറിന്‍റെ റിലീസ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
 
പൂര്‍ണമായും ഒരു മാസ് എന്‍റര്‍ടെയ്‌നറായ ഷൈലോക്കില്‍ കലാഭവന്‍ ഷാജോണും ബൈജുവും ഏറെ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മമ്മൂട്ടിച്ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അജയ് വാസുദേവ് - മമ്മൂട്ടി ടീമിന്‍റേതായി എത്തുന്ന ഷൈലോക്ക് മമ്മൂട്ടിയുടെ അടുത്ത 100 കോടി ക്ലബ് പടമാണെന്നും ആരാധകര്‍ കരുതുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍