ശാലിനിയുമായി പ്രണയത്തിലാകുമോ എന്ന് അജിത്തിന് പേടി; ഷൂട്ടിങ് വേഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് സൂപ്പര്‍താരം

ബുധന്‍, 17 നവം‌ബര്‍ 2021 (09:19 IST)
സിനിമ സെറ്റില്‍ നിന്ന് തുടങ്ങിയ സൗഹൃദം പ്രണയമാകുകയും പിന്നീട് ആ പ്രണയം വിവാഹത്തില്‍ കലാശിക്കുകയുമായിരുന്നു അജിത്തിന്റെയും ശാലിനിയുടെയും ജീവിതത്തില്‍. സിനിമയ്ക്ക് പുറത്ത് ഏറെ ആരാധകരുള്ള താരദമ്പതികള്‍ കൂടിയാണ് അവര്‍. ഇരുവരുടെയും പ്രണയം വളരെ രസകരമായിരുന്നു. പലപ്പോഴും അജിത്തിന്റെയും ശാലിനിയുടെയും പ്രണയത്തിനു നടുവില്‍ ഇടനിലക്കാരനായി നില്‍ക്കേണ്ടിവന്നിട്ടുള്ളത് കുഞ്ചാക്കോ ബോബനാണ്. 
 
1999 ല്‍ പുറത്തിറങ്ങിയ റൊമാന്‍സ്-ആക്ഷന്‍ ചിത്രം അമര്‍കളത്തിലാണ് അജിത്തും ശാലിനിയും ഒന്നിച്ചഭിനയിക്കുന്നത്. സിനിമയിലെ ഒരു ആക്ഷന്‍ രംഗം ഷൂട്ട് ചെയ്യുന്നതിനിടെ അജിത്തിന്റെ ശ്രദ്ധക്കുറവ് കൊണ്ട് ശാലിനിയുടെ കൈ ചെറുതായി മുറിഞ്ഞു. ഇത് അജിത്തിനെ ഏറെ വേദനിപ്പിച്ചു. അറിയാതെ സംഭവിച്ചതാണെന്നും പറഞ്ഞ് അജിത്ത് ശാലിനിയോട് മാപ്പ് ചോദിച്ചു. പിന്നീട് സിനിമ ഷൂട്ടിങ് കഴിയുന്നതുവരെ കൈയില്‍ മുറിവേറ്റ ശാലിനിയെ ശുശ്രൂഷിച്ചിരുന്നത് അജിത്താണ്. ഇത് ശാലിനിയെ വല്ലാതെ സ്വാധീനിച്ചു. അങ്ങനെയാണ് ഇരുവരും തമ്മില്‍ കൂടുതല്‍ അടുക്കുന്നതും പ്രണയത്തിലാകുന്നത്. 2000 ത്തിലാണ് ഇരുവരും വിവാഹിതരായത്. 
 
തങ്ങളുടെ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കരുതെന്ന് അജിത്തിനും ശാലിനിക്കും നിര്‍ബന്ധമുണ്ടായിരുന്നു. പൊതു പരിപാടികളില്‍ ഒന്നിച്ച് പങ്കെടുക്കില്ലെന്ന് ഇരുവരും തീരുമാനിച്ചു. ആളുകള്‍ കൂടുന്ന സ്ഥലത്ത് വച്ചുള്ള കൂടിക്കാഴ്ചകളും നിര്‍ത്തി. ശാലിനിയുടെ സിനിമ സെറ്റുകളില്‍ അജിത്ത് സന്ദര്‍ശിക്കാറില്ലെന്ന് ഒരിക്കല്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ നിരീക്ഷിക്കുമോ എന്ന ആശങ്ക നിമിത്തമാണ് ശാലിനിയുടെ സെറ്റിലേക്ക് അജിത്ത് വരാതിരുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. അക്കാലത്ത് തന്റെ കൈയില്‍ എറിക്സണ്‍ കമ്പനിയുടെ ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെന്നും ശാലിനി അജിത്തിനെ വിളിച്ചിരുന്നത് ആ ഫോണ്‍ ഉപയോഗിച്ചായിരുന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. 
 
അമര്‍കളം സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ രസകരമായ സംഭവവും പിന്നീട് ആരാധകര്‍ അറിഞ്ഞിരുന്നു. സംവിധായകന്‍ ശരണിനൊപ്പം ഒരുമിച്ച് ഇരിക്കുകയായിരുന്നു അജിത്തും ശാലിനിയും. ഒറ്റ ഷെഡ്യൂള്‍ ആയി സിനിമയുടെ ഷൂട്ടിങ് വേഗം അവസാനിപ്പിക്കാമോ എന്ന് അജിത്ത് സംവിധായകനോട് ചോദിച്ചു. ശാലിനിയോട് തനിക്ക് വല്ലാത്ത അടുപ്പം തോന്നി തുടങ്ങിയെന്നും ഷൂട്ടിങ് നീണ്ടുപോയാല്‍ വളരെ ഗൗരവ സ്വഭാവമുള്ള പ്രണയമായി അത് മാറുമെന്നും അജിത്ത് പേടിച്ചിരുന്നു. അതുകൊണ്ടാണ് ഷൂട്ടിങ് വേഗം അവസാനിപ്പിക്കാമോ എന്ന് ചോദിച്ചത്. അജിത്തിന്റെ ആവശ്യം കേട്ട ശാലിനി അന്ന് ചിരിക്കുകയാണ് ചെയ്തത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍