സ്പെഷ്യൽ പെർഫോമൻസ് അവാർഡ് ഗോസ് ടു - വിനായകൻ! സെറ മാതൃകയായി

ബുധന്‍, 8 ഫെബ്രുവരി 2017 (08:18 IST)
സിനിമയിലെത്തിയിട്ട് വർഷങ്ങൾ ഒത്തിരിയായെങ്കിലും വിനായകൻ എന്ന നടനെ പ്രേക്ഷർ സ്നേഹിച്ച് തുടങ്ങിയതും തിരിച്ചറിഞ്ഞതും കമ്മ‌ട്ടിപ്പാടത്തിലൂടെയാണ്. രാജീവ് രവി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഗംഗ എന്ന കഥാപാത്രം അത്രമാത്രം സ്വാഭാവികതയോടെയാണ് വിനായകന്‍ അവതരിപ്പിച്ചത്.
 
ഗംഗയെ നിരുപകരും പ്രേക്ഷകരും ഒരുപാട് വാഴ്ത്തിയെങ്കിലും വിനായകനെ ഇതുവരെ ഒരു ചലച്ചിത്ര പുരസ്‌കാരത്തിനും പരിഗണിക്കാത്തത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാൽ ഇതാ ആ പരാതി ഇവിടെ അവസാനിക്കുകയാണ്. ഇത്രയും മികച്ച അഭിനയത്തിന് ഒരു ചാനലുകളും അദ്ദേഹത്തിന് അവാർഡ് നൽകാതിരുന്നപ്പോൾ സെറ വനിത ഫിലിം അവാർഡ് ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കുകയാണ്.
 
കേരളത്തിലെ ഏറ്റവും വലിയ ജനകീയ സിനിമാ അവാർഡായ സെറ വനിത ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. സ്പെഷ്യൽ പെർഫോമൻസിനാണ് വിനായകന് അവാർഡ് ലഭിച്ചിരിക്കുന്നത്. മോഹന്‍ലാലാണ് മികച്ച നടൻ. നിവിൻപോളി ജനപ്രിയ നടൻ. മഞ്ജു വാരിയര്‍ മികച്ച നടി. ജനപ്രിയ നടി അനുശ്രീ. രാജീവ് രവി ആണ് മികച്ച സംവിധായകൻ (കമ്മട്ടിപ്പാടം).
 
വനിത മുഖ്യ ആതിഥേയത്വം വഹിക്കുന്ന പതിനാലാമതു ചലച്ചിത്ര അവാർഡു ദാനചടങ്ങാണിത്. സെറയാണ് ഫിലിം അവാർഡ്‌സിന്റെ പ്രമുഖ സ്പോൺസർ. ഫെബ്രുവരി 12ന് കൊച്ചി വെല്ലിങ്ടൺ ഐലൻഡിലെ ബ്രിസ്റ്റോ ഗ്രൗണ്ടില്‍ നടക്കുന്ന പ്രൗഢഗംഭീരമായ താരനിശയിൽ അവാർഡുകൾ വിതരണം ചെയ്യും. ബോളിവുഡ്, തമിഴ് മലയാള സിനിമാലോകത്തെ താരനക്ഷത്രങ്ങൾ കലാവിരുന്നൊരുക്കും. പ്രവേശനം പാസ് മൂലം. 

വെബ്ദുനിയ വായിക്കുക