അഭിനയത്തിനിടെ 'കട്ട്' പറയാൻ മറന്നത് ആ മൂന്ന് പേരോട്! - സത്യൻ അന്തിക്കാട് പറയുന്നു...

Webdunia
തിങ്കള്‍, 12 ഡിസം‌ബര്‍ 2016 (14:16 IST)
അഭിനയത്തിനിടെ 'കട്ട്' പറയാൻ മറന്ന് പോയത് മൂന്ന് പേരോടാണെന്ന് കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകൻ സത്യൻ അന്തിക്കാട് പറയുന്നു. 'ടി പി ഗോപാലൻ എം എ' എന്ന ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനവും 'എന്നും എപ്പോഴും' എന്ന ചിത്രത്തിലെ മഞ്ജു വാര്യരുടെ പ്രകടനവും തന്നെ അന്തംവിടീച്ചിട്ടുണ്ടെന്ന് സത്യൻ അന്തിക്കാട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് മറ്റൊരാൾ കൂടി കടന്നുവരുന്നു. അത് മറ്റാരുമല്ല, യുവ തലമുറയിലെ സാക്ഷാൽ ദുൽഖർ സൽമാൻ.
 
ജോമോന്റെ സുവിശേഷങ്ങൾ എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുമ്പോൾ ആണ് ദുൽഖറിന്റെ അഭിനയത്തെ കുറിച്ച് സംവിധായകൻ പറഞ്ഞത്. ജോമോനായി ‘പരകായപ്രവേശം’ നടത്തിയ ദുല്‍ഖറിന്റെ ഒരു രംഗത്തിലെ അഭിനയം കണ്ട് തന്റെ കണ്ണ് നിറഞ്ഞു പോയെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. മാത്രമല്ല, ആ രംഗത്തിലെ ദുല്‍ഖറിന്റെ പ്രകടനം കണ്ട് താന്‍ ‘കട്ട്’ പറയാന്‍ പോലും വൈകിപ്പോയെന്നും സത്യൻ അന്തിക്കാട് പറയുന്നു.
 
ജോമോന്‍ എന്ന ദുല്‍ഖറിന്റെ കഥാപാത്രത്തെ സഹോദരങ്ങള്‍ വിചാരണ ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഈ സംഭവം. ഈ രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞശേഷം ഛായാഗ്രഹകൻ അടക്കമുള്ള പലരും കരഞ്ഞ് പോയിരുന്നുവത്രേ. ഒരു പ്രമുഖ പത്രത്തിന്റെ വാരാന്ത്യ പതിപ്പിലാണ് സത്യന്‍ അന്തിക്കാടിന്റെ വെളിപ്പെടുത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
Next Article