9 വർഷം മുൻപ് വൻ ഫ്ലോപ്പ്; റീ-റിലീസിൽ ചരിത്രം സൃഷ്ടിച്ച് കോടിക്കിലുക്കവുമായി 'സനം തേരി കസം'

നിഹാരിക കെ.എസ്

വ്യാഴം, 13 ഫെബ്രുവരി 2025 (09:22 IST)
യാതൊരു പ്രമോഷനുകളോ പ്രീ-റിലീസ് ബഹളമോ ഇല്ലാതെ റീ റിലീസ് ചെയ്ത് റെക്കോർഡ് കളക്ഷൻ നേടിയിരിക്കുകയാണ് 'സനം തേരി കസം' എന്ന ബോളിവുഡ് ചിത്രം. ഹർഷ്‌വർധൻ റാണെയും മാവ്‌റ ഹോക്കെയ്‌നെയും ഒന്നിച്ചഭിനയിച്ച പ്രണയചിത്രം റിലീസ് ആയ സമയത്ത് ഫ്ലോപ്പ് ആയിരുന്നു. ഇന്ന് റീ റിലീസ് ചെയ്തപ്പോൾ നിർമാതാവിന് കോടികളാണ് ലഭിച്ചിരിക്കുന്നത്. 
 
ഫെബ്രുവരി 7 നായിരുന്നു സിനിമയുടെ റീ റിലീസ്. ചിത്രം അഞ്ച് ദിവസത്തിനുള്ളിൽ 20 കോടിയിലധികം രൂപ നേടിയതായാണ് റിപ്പോർട്ട്. അഞ്ചാം ദിവസമായ ചൊവ്വാഴ്ച, ചിത്രം 3 കോടി രൂപ കളക്ഷൻ നേടിയതായാണ് റിപോർട്ടുകൾ. അക്ഷയ് കുമാർ ചിത്രം സ്‌കൈ ഫോഴ്സ്, ഷാഹിദ് കപൂർ ചിത്രം ദേവ, തമിഴ് ചിത്രം ലവ് ടുഡേയുടെ റീമേക്കായ ലവ്‍യാപ തുടങ്ങിയ സിനിമകളുടെ അന്നേ ദിവസത്തെ ആകെ കളക്ഷനെക്കാൾ കൂടുതലാണ് സിനിമയ്ക്കു ലഭിച്ചത്. 
 
റീ റിലീസ് ചെയ്ത് വെറും രണ്ട് ദിവസത്തിനകം സിനിമയുടെ ആജീവനാന്ത കളക്ഷൻ നേടാൻ സാധിച്ചു എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഒരു ബോളിവുഡ് ചിത്രത്തിന്റെ റീ റിലീസിന് ലഭിക്കുന്ന ഏറ്റവും വലിയ വാരാന്ത്യ കളക്ഷനാണ് സിനിമ ഇപ്പോൾ നേടിയത്. രണ്ടാം വരവിൽ സിനിമ റെക്കോഡുകൾ ഭേദിക്കുമെന്നാണ് റിപ്പോർട്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍