പോയ കാലങ്ങളില്‍ കാരണവന്‍മാര്‍ ജന്മിമാരായിരുന്നെന്നും തിരുവായയ്ക്ക് എതിര്‍വായില്ലാത്ത തറവാട്ടുകാരായിരുന്നുവെന്നൊന്നും പറഞ്ഞ് ഗണേഷ് കുമാർ തനിക്കെതിരെ വന്നാൽ എന്നെ പേടിപ്പിക്കാനാവില്ലെന്ന് സലിംകുമാര്‍. മെഗാസ്റ്റാറുകളുടെ പിന്തുണയുണ്ടെന്ന അഹങ്കാരത്തിൽ തന്നെ പേടിപ്പിക്കാൻ നോക്കണ്ടെന്നും സലിംകുമാർ ഒരു വാർത്താ ചാനലിനോട് വ്യക്തമാക്കി.
സാംസ്‌ക്കാരിക അപചയം പ്രകടമാക്കിയ ഗണേഷ് 'അമ്മ'യുടെ സിംബലായി മാറുമ്പോള്‍ ആ സംഘടനകൂടിയാണ് അധ:പതിക്കുന്നതെന്നും സലിംകുമാര്‍ പറഞ്ഞു. താരരാജാക്കന്‍മാരുടെ തണലിലിരുന്നാണ് ഗണേഷ് ഇങ്ങനെ വിളിച്ചുകൂവുന്നത്. ഇതിന്റെ പേരില്‍ ഒന്നും സംഭവിക്കില്ലെന്ന് ഗണേഷിനറിയാം. സിനിമയില്‍ വാഴുന്നവരുടെ പിന്തുണയുള്ളപ്പോള്‍ അയാള്‍ സുരക്ഷിതനായിരിക്കും.
എനിക്കെതിരേ പരസ്യമായി ഗണേഷ്‌കുമാര്‍ അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ എതിര്‍ക്കാനോ എന്നെ വിളിച്ച് പിന്തുണ അറിയിക്കാനോ മലയാള സിനിമയിലെ ആരുംതന്നെ കാണില്ലെന്ന് എനിക്ക് ഉറപ്പാണ്. പ്രതികരിച്ചാല്‍ പിന്നെ സിനിമയില്‍ ഒരു വേഷം പോലും കിട്ടാതെ ശിഷ്ടക്കാലം കഴിയേണ്ടിവരുമെന്ന് അവര്‍ക്കറിയാം. മഹനായ നടന്‍ തിലകനോടൊക്കെ ചെയ്തതിന്റെ ഫലം അനുഭവിക്കാതെ ഈ മെഗാസ്റ്റാറുകള്‍ക്ക് മോക്ഷം പ്രാപിക്കാന്‍ സാധിക്കുമെന്ന് ആരും കരുതേണ്ടതില്ല.
തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ഗണേഷ് കുമാറിന് പിന്തുണ അറിയിച്ച് മോഹൻലാൽ എത്തിയതിൽ ചൊടിച്ച് സലിംകുമാർ അമ്മയ്ക്ക് രാജിക്കത്ത് നൽകിയിരുന്നു. എന്നാൽ ഇത് നാടകമായിരുന്നുന്നെന്നും അൺഗനെ ഒരു രാജി സലിംകുമാർ നൽകിയിട്ടില്ലെന്നും കെ ബി ഗണേഷ് കുമാർ എം എൽ എ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.