ഇനിയൊരു സിനിമയുമായി മലയാളത്തിലേക്ക് വരാൻ ധൈര്യമില്ലെന്ന് സംവിധായക റോഷ്‌നി ദിനകർ. പൃഥ്വിരാജും പാർവതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'മൈ സ്‌റ്റോറി'യുടെ സംവിധായകയാണ് റോഷ്‌നി. ഇനിയൊരു സിനിമ ചെയ്യാൻ തനിക്ക് ധൈര്യമില്ലെന്നും അത്രയും മോശമായ ഒരു അവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും റോഷ്‌നി പറഞ്ഞു.
'എല്ലാവരും കൂടി എന്നെ അങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിച്ചതാണ്. ഒരു പെണ്ണ് പറഞ്ഞതിന്റെ അനന്തരഫലം മുഴുവൻ അനുഭവിച്ചത് ഞാനാണ്. പലരും നെഗറ്റീവ് റിവ്യൂ പറഞ്ഞ് പരത്തിയതുകൊണ്ടാണ് ആരും സിനിമ കാണാതിരുന്നത്. ഞാൻ എന്ത് ചെയ്‌തു? സിനിമ കണ്ടിട്ടാണ് അതിനെക്കുറിച്ച് വിലയിരുത്തേണ്ടിയിരുന്നത്'- റോഷ്‌നി പറഞ്ഞു.
'കൂടെ ഉണ്ടായവരിൽ നിന്ന് എനിക്ക് ഒരു പിന്തുണയും ലഭിച്ചിരുന്നില്ല. ഇനി സിനിമാ ലോകത്തിലേക്ക് വരുന്നവർ മനസ്സിലാക്കുക മിന്നുന്നതെല്ലാം പൊന്നല്ല എന്ന്. ധൈര്യത്തോടെ, നിവർന്ന് നിന്ന് സ്വന്തം നിലപാട് പറയാനുള്ള തന്റേടം ഉണ്ടായിരിക്കണം' എന്നും റോഷ്‌നി പറഞ്ഞു.