തനിക്ക് നേരെയും തന്റെ പുതിയ ചിത്രമായ 'മൈ സ്‌റ്റോറി'യ്‌ക്ക് നേരെയും നടക്കുന്ന സൈബർ അക്രമണങ്ങൾക്ക് പ്രതികരണവുമായി നടി പാർവതി. ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ് തുറന്നത്. തന്റെ സിനിമയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന നിരൂപണങ്ങളും മറ്റും വളരെ കൃത്യമായി തന്നെ വായിക്കാറുണ്ടെന്ന് പാർവതി പറയുന്നു.
'പ്രേക്ഷകരുമായുള്ള ബന്ധത്തെ വളരെ വിലപ്പെട്ടതായിത്തന്നെയാണ് ഞാൻ കരുതുന്നത്. ഞാൻ ഈ ഇന്റസ്‌ട്രിയിലെ സൂപ്പർ ഫീമെയിൽ അല്ല. ബാംഗ്ലൂർ ഡെയ്‌സ് വരെ ബോക്‌സ് ഓഫീസ് വിജയങ്ങൾ എനിക്ക് ഇല്ലായിരുന്നു. എനിയ്ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചോർത്ത് വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും വളരെയധികം ഭയപ്പെടുന്നുണ്ട്. എന്നാല്‍ എന്റെ സ്വഭാവം എങ്ങനെയാണെന്നുള്ളത് അവര്‍ക്ക് നന്നായി തന്നെ അറിയാം. സത്യം മൂടിവെയ്ക്കാനോ അതിനെ കണ്ടില്ലെന്ന് നടിക്കാനോ എനിക്കാകില്ല.
ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും പോലെ പ്രധാനപ്പെട്ടതാണ് എനിക്ക് സത്യം പറയുക എന്നതും. ഞാൻ ഇപ്പോൾ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ എന്റെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയല്ല. അത് മറ്റുള്ളവർക്കും വരും തലമുറയ്‌ക്കും വേണ്ടിയാണ്. എന്നെ ഇഷ്ടപ്പെടുന്ന, ഞാന്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുന്ന സ്ത്രീകളും പുരുഷന്മാരുമുണ്ട്. എത്രയോ പുരുഷന്മാര്‍ മുന്നോട്ട് വരികയും, തുറന്നു സംസാരിച്ചതിന് അഭിനന്ദിക്കുകയും ചെയ്‌തിട്ടുണ്ട്. അതോടൊപ്പം എനിക്കൊപ്പം നിൽക്കില്ലെന്ന് പറയുന്ന സ്‌ത്രീകളുമുണ്ട്. കാരണം സ്ത്രീകളും പുരുഷമേധാവിത്വ വ്യവസഥിതിയില്‍ പരുവപ്പെട്ടവരാണ്. അതു കൊണ്ടു തന്നെ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ അവര്‍ക്ക് താത്പര്യമില്ല. ഞാന്‍ ആരോടും മാറാനോ എന്നോട് യോജിക്കാനോ പറയുന്നില്ല, കേള്‍ക്കാന്‍ മാത്രമേ ആവശ്യപ്പെടുന്നുള്ളൂ' എന്നും പാര്‍വതി പറയുന്നു.