മലയാള സിനിമയിൽ പുതിയ ചരിത്രം എഴുതിയ മോഹൻലാൽ ചിത്രം പുലിമുരുകൻ തരംഗമാണ് കേരളത്തിലിപ്പോൾ. അന്യഭാഷാ ചിത്രങ്ങൾ 50 കോടിയും 100 കോടിയും കടക്കുമ്പോൾ കണ്ണുമിഴിച്ച് നിന്ന മലയാളികൾക്ക് ഇത് അഭിമാന നിമിഷമാണ്. ആദ്യമായി ഒരു മലയാള സിനിമ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വാർത്തയാണ് സംവിധായകൻ വൈശാഖ് പുറത്ത് വിട്ടിരിക്കുന്നത്. പുലിമുരുകന്റെ രണ്ടാംഭാഗം ഉണ്ടാകുമത്രെ. ചിത്രത്തിന്റെ വിജയം അറിയിക്കവെയാണ് വൈശാഖ് ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാക്കാര്യങ്ങളും ഒത്തുവന്നാൽ പുലിമുരുകന്റെ രണ്ടാംഭാഗം ഉണ്ടാകുമെന്ന് വൈശാഖ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു അന്തിമതീരുമാനം ഇതുവരെ ആയിട്ടില്ല. ഇതിനിടെ, പുലിമുരുകന്റെ രണ്ടാംഭാഗത്ത് മുരുകനായി മോഹൻലാലിന് പകരം മറ്റൊരു നടനായിരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മോഹൻലാൽ ഇല്ലാതെ എന്ത് പുലിമുരുകൻ, എന്നാണ് ആരാധകർ ചോദിക്കുന്നത്.
അതേസമയം, ‘പുലിമുരുകന്‍’ 100 കോടി ക്ലബിലെത്തിയതിന്റെ സന്തോഷം മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ പങ്കുവെച്ചു. തിയറ്ററിലെത്തി ചിത്രം കണ്ട എല്ലാവര്‍ക്കും നന്ദി അറിയിച്ച മോഹന്‍ലാല്‍ പുലിമുരുകന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എല്ലാറ്റിലുമുപരി സര്‍വ്വേശ്വരനോടും നന്ദി പറയുന്നതായി ഫേസ്‌ബുക്കില്‍ കുറിച്ചു.