'എന്നെ വില്‍ക്കേണ്ട, വല്ല ജോലിക്കും പോയി ജീവിച്ചൂടെ': മരണം വിറ്റ് അയാള്‍ കാശുണ്ടാക്കി, രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക

നിഹാരിക കെ.എസ്

വ്യാഴം, 3 ഒക്‌ടോബര്‍ 2024 (19:53 IST)
Priyanka, Crime Nandakumar and Shwetha Menon

ക്രൈം നന്ദകുമാറിനെതിരെ നടി പ്രിയങ്ക. നടി കാവേരിയുമായുള്ള കേസിന് പിന്നില്‍ ക്രൈം നന്ദകുമാറാണെന്ന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നടിച്ച് നടി പ്രിയങ്ക അനൂപ്. കാവേരിയുടെ അമ്മ പ്രിയങ്കയ്ക്കെതിരെ നല്‍കിയ കേസില്‍ നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ല്‍ കോടതി പ്രിയങ്കയെ കുറ്റവിമുക്തയാക്കിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ നടി ശ്വേതാ മേനോന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.
 
യൂട്യൂബ് ചാനല്‍ ഉണ്ടാക്കി ഇല്ലാക്കഥകള്‍ മെനഞ്ഞ് പണം ഉണ്ടാക്കുകയാണ് ക്രൈം നന്ദകുമാറിന്റെ ജോലിയെന്ന് പ്രിയങ്ക തുറന്നടിച്ചു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു നടി. 20 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് താന്‍ നിരപരാധിയാണെന്ന് വ്യക്തമായതെന്നും താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും പ്രിയങ്ക പറയുന്നു. ക്രൈം നന്ദകുമാറാണ് ഇതിനെല്ലാം കാരണം. കിട്ടിയ ഒരു ആയുധം കാശുണ്ടാക്കാന്‍ വേണ്ടി ഉപയോഗിക്കുകയായിരുന്നു അയാളെന്നും നടി ചൂണ്ടിക്കാട്ടി.  
 
'കാവേരിയോടും അമ്മയോടും എനിക്കിപ്പോഴും സ്നേഹമേയുള്ളൂ. കാവേരിയെ പിന്നെ കണ്ടിട്ടില്ല സംസാരിച്ചിട്ടുമില്ല. അവരെ ഞാന്‍ ഒരിക്കലും വെറുക്കില്ല. നന്ദകുമാറിനെതിരെ ശ്വേതാ മേനോന്‍ ചങ്കൂറ്റത്തോടെ കേസ് കൊടുത്തതിന് ഞാന്‍ അഭിനന്ദിക്കുന്നു. കേസ് കഴിഞ്ഞു, നിരപരാധിയാണെന്ന് തെളിഞ്ഞു. എന്നിട്ടും എന്റെ ഒരു സ്റ്റോറി നന്ദകുമാര്‍ അയാളുടെ ഓണ്‍ലൈന്‍ ചാനലില്‍ ഇട്ടു. എന്നെ വിറ്റ് കാശാക്കാന്‍ ഞാന്‍ സമ്മതിക്കില്ല. പുള്ളിക്ക് വേറെ പണിയൊന്നുമില്ല. എന്റെ സഹോദരന്റെ മരണം വിറ്റ് കാശാക്കി, ഗണേശേട്ടനെ ചേര്‍ത്തും എന്റെ പഴയ കാര്യങ്ങള്‍ പറഞ്ഞും കാശുണ്ടാക്കി. ഇനി അത് സമ്മതിക്കാന്‍ എനിക്ക് കുറച്ചു ബുദ്ധിമുട്ടുണ്ട്. ഞാന്‍ പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട്. എന്റെ ന്യൂസ് ഇനി ആ ചാനലില്‍ വരണ്ട', പ്രിയങ്ക പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍