നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രം ഒരു സൈക്കോപ്പാത്ത് ആണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 'അതിക്രൂരനായ സൈക്കോപ്പാത്ത്' എന്ന നിലയിലാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് സിനിമയുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. സമീപകാലത്ത് പുഴു, റോഷാക്ക്, ഓസ്‌ലര്‍, ഭ്രമയുഗം എന്നീ സിനിമകളിലെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് മമ്മൂട്ടി കൈയടി നേടിയിരുന്നു. ഇക്കൂട്ടത്തിലേക്കാണ് ജിതിന്‍ കെ ജോസ് സിനിമയിലെ കഥാപാത്രത്തിന്റേയും വരവ്.
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കുറുപ്പിന്റെ സഹതിരക്കഥാകൃത്തായ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകനും ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ഴോണറാണ് ചിത്രം. പൊലീസ് വേഷത്തിലാണ് വിനായകന്‍ എത്തുക. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം നിര്‍വഹിക്കുക.
ഇന്നലെ മമ്മൂട്ടി നാഗര്‍കോവിലിലെ സെറ്റില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുടി പിന്നിലേക്ക് ചീകിയൊതുക്കി വളരെ വ്യത്യസ്തമായ ലുക്കിലാണ് മമ്മൂട്ടിയെ ഈ ചിത്രത്തില്‍ കാണുന്നത്. സിനിമയിലെ ലുക്ക് തന്നെയാണ് ഇതെന്നാണ് സൂചന. ഈ സിനിമയ്ക്കു വേണ്ടിയാണ് മമ്മൂട്ടി ഈയടുത്ത് താടിയെടുത്തത്.