കരിയറിൽ വളരാൻ എളുപ്പവഴികളുണ്ടെന്ന് പറഞ്ഞു; കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ച് പ്രിയ വാര്യർ

നിഹാരിക കെ.എസ്

വ്യാഴം, 8 മെയ് 2025 (11:03 IST)
ഒരു അഡാർ ലൗ എന്ന സിനിമയിലൂടെയായിരുന്നു പ്രിയ വാര്യരുടെ തുടക്കം. കാസ്റ്റിം​ഗ് കൗച്ച്, ഫേവറിസം തുടങ്ങിയവയോട് മുഖം തിരിച്ചത് കൊണ്ട് അവസരങ്ങൾ നഷ്ട‌പ്പെട്ടതിനെക്കുറിച്ച് നിരവധി നടിമാർ സംസാരിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പുതിയ അഭിമുഖത്തിൽ പ്രിയ വാര്യരും സംസാരിക്കുന്നുണ്ട്. എളുപ്പ വഴിയിൽ കരിയറിൽ വളരാം എന്ന് ഉപദേശിച്ചവരുണ്ടെന്ന് പ്രിയ പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയ
 
വ്യക്തിത്വം കളയരുത്. പിയർ പ്രഷർ ഒരുപാടുണ്ടാകും. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യണം, അങ്ങനെ ചെയ്താലേ സർവെെവ് ചെയ്യാൻ പറ്റൂയെന്നും ഉപദേശിക്കാൻ ഒരുപാട് ആൾക്കാരുണ്ടാകും. നമ്മൾ വിശ്വസിക്കുന്നതിൽ ഉറച്ച് നിന്ന് മുന്നോട്ട് പോകുക. ഞാനതാണ് ചെയ്തത്. എനിക്കിതിന്റെ ഉദാഹരണങ്ങൾ ആൾക്കാർ തന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. പ്രിയ, നീ കോണിപ്പടികൾ കയറുകയാണ്, അവിടേക്ക് എത്താൻ എലവേറ്റർ ലഭിക്കാനുള്ള വഴികളുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് കോണിപ്പടികൾ കയറുന്നതിൽ കുഴപ്പമില്ല. ഇങ്ങനെ ചെയ്താൽ നടക്കും എന്നൊക്കെ പറയാൻ ഒത്തിരി ആൾക്കാരുണ്ടാകും. പക്ഷെ നിങ്ങളുടെ നിരന്തര പ്രയത്നമേ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സഹായിക്കൂ. ‌
 
മീ‍‍ഡിയകൾ ചുറ്റും കൂടി അനാവശ്യ ചോദ്യം ചോദിക്കുന്നതിനെതിരെയും പ്രിയ വാര്യർ സംസാരിക്കുന്നുണ്ട്. പത്ത് പതിനഞ്ച് പേരുള്ള സ്പേസിൽ നിൽക്കാൻ തന്നെ എനിക്ക് അൺകംഫർട്ടബിൾ ആണ്. മീ‍‍‍‍ഡിയകൾ ചോദിക്കുന്ന ചോദ്യം പലപ്പോഴും അപ്രതീക്ഷിതമായിരിക്കും. നീക്കിന്റെ പ്രൊമഷന് പോയ സമയത്ത് ചോദിച്ചത് ധനുഷ് സർ വിളിക്കാർ ഇല്ലേ എന്നാണ്. ധനുഷ് സർ എന്റെ ഫ്രണ്ടോ ബന്ധുവോ അല്ലല്ലോ വിളിച്ച് കൊണ്ടിരിക്കാൻ. എന്റെ സംവിധായകനാണ്. ഈ ചോദ്യത്തിന് എന്താണ് മറുപടി പറയുകയെന്ന് തോന്നി. ഇത്തരം സന്ദർഭങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും പ്രിയ വാര്യർ വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍