പതിമൂന്നും പതിനാലും ടേക്കുകൾ പോയിട്ടും ഒരു പരിഭവവും ഇല്ലാതെ സഹകരിച്ചു: മോഹൻലാലിനെക്കുറിച്ച് പൃഥ്വി പറയുന്നു

Webdunia
ശനി, 9 ഫെബ്രുവരി 2019 (08:30 IST)
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയാണ് ആരാധകരെ ആവേശത്തിലാഴ്‌ത്തുന്നത്. ഇപ്പോൾ ലൂസിഫറിന്റെ വിശേഷങ്ങൾ പങ്കുവെച്ച് പൃഥ്വി തന്നെ എത്തിയിരിക്കുകയാണ്.
 
താന്‍ മോഹന്‍ലാലുമായിട്ടൊക്കെ ഏറ്റവും കൂടുതലായി അടുക്കുന്നത് ലൂസിഫറിലൂടെയാണെന്ന് പൃഥ്വിരാജ്. ഒരുപാട് ടേക്കുകള്‍ പോയിട്ടും അപ്പോഴൊന്നും പരിഭവമില്ലാതെ മോഹന്‍ലാല്‍ തന്നോട് സഹകരിച്ചെന്നും പൃഥ്വി പറയുന്നു.
 
‘ലാലേട്ടനൊപ്പം ജോലി ചെയ്യുന്നത് തന്നെ ഒരു ആഹ്‌ളാദമാണ്. പലപ്പോഴും ലാലേട്ടനെക്കൊണ്ട് ഒരുപാട് ടേക്കൊക്കെ ചെയ്യിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ലാലേട്ടന്റെ കുഴപ്പംകൊണ്ടല്ല. ചിലപ്പോള്‍ ഒരു സങ്കീര്‍ണമായ ക്യാമറ മൂവ്മെന്റ് ആയിരിക്കും, അപ്പോള്‍ ഫോക്കസ് കിട്ടിയില്ലെന്ന് വരാം. വലിയ ആള്‍ക്കൂട്ടമുള്ള സീനാണെങ്കില്‍ പിന്നിലുള്ളവരുടെ ആക്ടിവിറ്റി ശരിയായിട്ടുണ്ടാവില്ല. അപ്പോഴൊക്കെ പതിമൂന്നും പതിനാലും ടേക്കുകളൊക്കെ ചെയ്യിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഒരു അസ്വസ്ഥതയും പ്രകടിപ്പിച്ചിട്ടില്ല. ‘പിന്നെന്താ മോനേ, നമുക്ക് ഒന്നുകൂടി എടുക്കാം’ എന്നായിരിക്കും അദ്ദേഹം പറയുക, ഒരു ഇതിഹാസം ആണെന്ന് ഓര്‍ക്കണം. അത്രമാത്രം സിനിമയോടൊപ്പം നില്‍ക്കുന്ന നടനാണ് അദ്ദേഹം’- മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article