പൃഥ്വിരാജ് വന്നില്ല, പകരക്കാരനായി മമ്മൂട്ടിയുടെ കൂടെ ജോജു ജോര്‍ജ്, ചിത്രീകരണം മെയ് 15 മുതല്‍, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

ശനി, 4 മെയ് 2024 (09:09 IST)
മമ്മൂട്ടിയും ജോജു ജോര്‍ജും വീണ്ടും ഒന്നിക്കുകയാണ്. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരു താരങ്ങളും ഒന്നിച്ച് വേഷമിടുന്നത്. മമ്മൂട്ടിയുടെ കൂടെ പൃഥ്വിരാജിനെ കൊണ്ടുവരാനായിരുന്നു നിര്‍മാതാക്കള്‍ ആദ്യം ശ്രമിച്ചത്. പകരക്കാരനായി ജോജുവിനെ പിന്നീട് സമീപിച്ചു. ജോജു ജോര്‍ജ് സമ്മതം നല്‍കിയതോടെ ചിത്രീകരണം മെയ് 15ന് ആരംഭിക്കാനും തീരുമാനമായി.
 
ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിന്‍ കെ. ജോസ്. സിനിമയിലെ മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍തന്നെ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിക്കും. പട്ടാളം, ജവാന്‍ ഓഫ് വെള്ളിമല, ഡബിള്‍സ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അണ്ണന്‍ തമ്പി, ബെസ്റ്റ് ആക്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയും ജോജും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. രാജാധിരാജ, വണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും നീള കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫില്‍ ജോജുവും അഭിനയിക്കുന്നുണ്ട്. ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
 
ജിതിന്‍ കെ ജോസിന്റെ സിനിമ പൂര്‍ത്തിയാക്കിയ ശേഷം മഹേഷ് നാരായണന്‍ ചിത്രത്തിലാകും മമ്മൂട്ടി അഭിനയിക്കുക. സുരേഷ് ഗോപി, മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം ജൂണില്‍ കൊച്ചിയില്‍ ആരംഭിക്കും. യുകെയിലും യുഎസിലും ഡല്‍ഹിയിലും ചിത്രീകരണമുണ്ട്. മമ്മൂട്ടിയുടെ അടുത്ത റിലീസ് ടര്‍ബോ ആണ്. മെയ് 23നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍