മലയാള സിനിമയിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങളെക്കുറിച്ച് പൃഥ്വിരാജും നസ്രിയയും. ഈ വിവാദങ്ങളുമായി ബന്ധപ്പെട്ട് താൻ നടത്തുന്ന നിലപാടിനെ വ്യക്തിപരമായി ധീരമെന്ന് വിശേഷിപ്പിക്കാൻ തോന്നുന്നില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. സിനിമയിൽ സ്‌ത്രീകൾ തുറന്ന് സംസാരിക്കുന്നത് നല്ലതാണെന്ന് നസ്രിയ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജും നസ്രിയയും ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
"എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു. അതിനെ ധീരം എന്ന് മറ്റുള്ളവര്‍ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. ഈ ചര്‍ച്ചകള്‍ സംവാദങ്ങള്‍ പുതിയ തലമുറയ്ക്ക് പ്രവര്‍ത്തിക്കാന്‍ കുറച്ചുകൂടി നല്ല ഒരു അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അത് സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാർക്കും. എല്ലാം സംഭവിക്കുന്നത് നല്ലതിനാണെന്ന് ഞാന്‍ പ്രത്യാശിക്കുന്നു."
സ്ത്രീകള്‍ തുറന്ന് സംസാരിക്കുന്നത് നല്ല മാറ്റമാണെന്ന് കരുതുന്നതായി നസ്രിയ പറഞ്ഞു. അമ്മയിലോ ഡബ്ല്യുസിസിയിലോ ആകട്ടെ സ്ത്രീകള്‍ നിലപാട് പറയുന്നു. അതു തന്നെ നല്ല മാറ്റമാണ്. എല്ലാം സംസാരിക്കണം. പരിഹരിക്കപ്പെടണം" എന്ന് നസ്രിയ പറഞ്ഞു.