തൊമ്മനും മക്കളും സിനിമയില്‍ നായകന്‍മാരായി പൃഥ്വിരാജും ജയസൂര്യയും ! ആദ്യത്തെ കഥ അങ്ങനെയായിരുന്നു; മമ്മൂട്ടി ചോദിച്ചുവാങ്ങിയ കഥാപാത്രം

വ്യാഴം, 19 ഒക്‌ടോബര്‍ 2023 (12:20 IST)
മമ്മൂട്ടി, ലാല്‍, രാജന്‍ പി ദേവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്ത സിനിമയാണ് തൊമ്മനും മക്കളും. 2005 ലാണ് സിനിമ റിലീസ് ചെയ്തത്. തിയറ്ററുകളില്‍ വന്‍ ഹിറ്റായിരുന്നു ഈ കോമഡി ചിത്രം. ബെന്നി പി.നായരമ്പലം ആണ് സിനിമയുടെ തിരക്കഥ രചിച്ചത്. 
 
തൊമ്മനായി രാജന്‍ പി ദേവും ശിവനും സത്യനുമായി മമ്മൂട്ടിയും ലാലും തകര്‍ത്തഭിനയിച്ച സിനിമയിലേക്ക് ആദ്യം ആലോചിച്ചിരുന്നത് വേറെ രണ്ട് യുവതാരങ്ങളെയായിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തിലേക്ക് പൃഥ്വിരാജിനെയും ലാലിന്റെ കഥാപാത്രത്തിലേക്ക് ജയസൂര്യയെയും ആണ് പരിഗണിച്ചിരുന്നത്. ഷാഫിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'മമ്മൂട്ടിയുടെ റോളില്‍ പൃഥ്വിരാജും ലാലിന്റെ റോളില്‍ ജയസൂര്യയുമാണ് അഭിനയിക്കാനിരുന്നത്. പക്ഷേ പിന്നീടത് നടക്കാതെ പോയി അങ്ങനെയാണ് പിന്നീട് മമ്മുക്കയോട് കഥ പറയുന്നതും. മമ്മുക്ക ചെയ്യാമെന്ന് ഏല്‍ക്കുന്നതും,' ഷാഫി പറഞ്ഞു. മമ്മൂട്ടിയും ലാലും അഭിനയിക്കാന്‍ സമ്മതം അറിയിച്ചതോടെ തിരക്കഥയിലും മാറ്റങ്ങള്‍ വരുത്തി. 
 
ഒരു കാര്‍ യാത്രയ്ക്കിടെയാണ് ബെന്നി പി.നായരമ്പലം തൊമ്മനും മക്കളും സിനിമയുടെ കഥ മമ്മൂട്ടിയോട് പറയുന്നത്. ആ സമയത്ത് പൃഥ്വിരാജിനെയും ജയസൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി ചെയ്യാം എന്നാണ് ബെന്നി പി.നായരമ്പലം കരുതിയിരുന്നത്. ഷാഫിയോടും ഇക്കാര്യം പറഞ്ഞിരുന്നത്. പൃഥ്വിരാജിന്റെയും ജയസൂര്യയുടെയും അച്ഛന്‍ വേഷത്തില്‍ ലാലിനെയും തീരുമാനിച്ചു. ചില തിരക്കുകള്‍ കാരണം പൃഥ്വിരാജിന്റെ ഡേറ്റ് കിട്ടിയില്ല. ആ സമയത്താണ് മമ്മൂട്ടിക്കൊപ്പം കാറില്‍ സഞ്ചരിച്ച് ബെന്നി പി.നായരമ്പലം സിനിമയുടെ കഥ പറയുന്നത്. 
 
കഥ കേട്ടയുടനെ ഈ കഥാപാത്രങ്ങള്‍ ആരാണ് ചെയ്യുന്നതെന്ന് മമ്മൂട്ടി ബെന്നിയോട് ചോദിച്ചു. പൃഥ്വിരാജും ജയസൂര്യയുമാണെന്ന് ബെന്നി പി.നായരമ്പലം മറുപടി പറഞ്ഞു. ഉടനെ മമ്മൂട്ടി ഒരു ചോദ്യം 'ഇതെങ്ങനെ പൃഥ്വിരാജ് ചെയ്യും?' 
 
പൃഥ്വിരാജിന്റെ ഡേറ്റ് കിട്ടിയിട്ടില്ലെന്ന കാര്യം ബെന്നി മമ്മൂട്ടിയോട് പറഞ്ഞു. അപ്പോള്‍ തന്നെ ആ കഥാപാത്രം താന്‍ ചെയ്യാമെന്ന് പറഞ്ഞു മമ്മൂട്ടി ഡേറ്റ് കൊടുക്കുകയായിരുന്നു. മമ്മൂട്ടിക്കൊപ്പം സഹോദര വേഷത്തില്‍ ലാലിനെ കൊണ്ടുവന്നു. ഇരുവരുടെയും അപ്പന്‍ വേഷത്തില്‍ രാജന്‍ പി.ദേവിനെയും തീരുമാനിച്ചു. 
 
തൊമ്മനും മക്കളും തിയറ്ററുകളിലെത്തിയപ്പോള്‍ സിനിമ ബംപര്‍ ഹിറ്റ്. മമ്മൂട്ടി-ലാല്‍-രാജന്‍ പി.ദേവ് കോംബിനേഷന്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു. തനിക്ക് കോമഡിയും വഴങ്ങുമെന്ന് ഈ സിനിമയിലൂടെ മമ്മൂട്ടി തെളിയിച്ചു. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍