സഹതാരങ്ങളോടുള്ള മെഗാസ്റ്റാർ മമ്മൂട്ടിയുടെ പെരുമാറ്റം പലയിടങ്ങളിലും വാർത്തയായതാണ്. തനിക്ക് നൽകുന്ന വില തന്നെ സെറ്റിൽ ഉള്ള സഹതാരങ്ങൾക്കും നൽകണമെന്ന് ആഗ്രഹിക്കുന്നയാളാണ് മമ്മൂട്ടിയെന്ന നടൻ. ഒരു നടനെ മാത്രമല്ല മമ്മൂട്ടിയെന്ന മനുഷ്യനേയും അകമറിഞ്ഞ് സ്നേഹിക്കുന്നവരാണ് ആരാധകർ. സഹതാരങ്ങൾക്ക് വേണ്ടി നായർസാബ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലും മമ്മൂട്ടി സംസാരിച്ചിട്ടുണ്ട്.
മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത സിനിമയാണ് നായർസാബ്. ചിത്രത്തിൽ മമ്മൂട്ടിക്കൊരു വസ്ത്രം, ബാക്കിയുള്ളവർക്ക് മറ്റൊരു തരം വസ്ത്രം എന്നിങ്ങനെയായിരുന്നു തീരുമാനിച്ചിരുന്നത്. മുകേഷ്, സുരേഷ് ഗോപി, വിജയരാഘവൻ തുടങ്ങിയവർക്കെല്ലാം മദ്രാസിലെ മോർ മാർക്കറ്റിൽ നിന്നു വാങ്ങിയ വില കുറഞ്ഞ താണ തരം തുണികൾ കൊണ്ട് തയ്ച്ച സൈനിക യൂണിഫോം ആയിരുന്നു കൊടുത്തിരുന്നത്.
ചിത്രീകരണത്തിന്റെ തുടക്കത്തിൽ തന്നെ യൂണിഫോമിന്റെ നിലവാരം മനസ്സിലാക്കിയ മമ്മൂട്ടി ഉടൻ തന്നെ സഹതാരങ്ങളോട് പറഞ്ഞു ''ഇതല്ല സൈനികർ ഇടുന്ന യൂണിഫോം, ശരിക്കും കളർ എടുത്ത് കാണിക്കുന്ന സൈനിക യൂണിഫോം കിട്ടിയിട്ട് മതി ബാക്കി അഭിനയം''. ഇക്കാരണത്താൽ ഷൂട്ടിംഗ് വരെ നിന്നു. ഒടുവിൽ സംവിധായകൻ ജോഷി ഇടപെട്ട് കശ്മീരിലെ ഇന്ത്യൻ മിലിട്ടറി ക്യാമ്പിൽ നിന്നും ഒറിജിനൽ തുണി വാങ്ങി തയ്ച്ച് കൊടുത്തായിരുന്നു ഷൂട്ടിംഗ് തുടങ്ങിയത്.
മലയാള സിനിമയുടെ ബോക്സ്ഓഫിസ് ജാതകം തിരുത്തി എഴുതിയ ചിത്രമായിരുന്നു 'നായർസാബ്'. മൂന്നും നാലും ഷോ കളിച്ച തിയേറ്ററുകളില്‍ സ്പെഷല്‍ ഷോ തരംഗം തീര്‍ത്തതു ഈ മമ്മൂട്ടി ചിത്രമായിരുന്നു. സ്ഥിരം ലെവലിൽ നിന്നും മാറി അത്യാവശ്യം വലിയ ക്യാൻവാസിൽ തന്നെയായിരുന്നു 'ചിത്ര'ത്തിന്റേയും ചിത്രീകരണം. മമ്മൂട്ടിയ്ക്കൊപ്പം സുരേഷ് ഗോപി, മുകേഷ്, ഗീത, സുമലത, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989ലാണ് നായർസാബ് പുറത്തിറങ്ങിയത്.