'നോമ്പുമായി ബന്ധമില്ലാത്തവർ മുതൽ മദ്യപാനികളും റൗഡികളും വരെ': വിജയ് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിനെതിരെ പോലീസിൽ പരാതി

നിഹാരിക കെ.എസ്

ബുധന്‍, 12 മാര്‍ച്ച് 2025 (08:55 IST)
ചെന്നൈ: ചെന്നൈയിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയ് അടുത്തിടെ ഇഫ്താർ വിരുന്ന് നടത്തിയിയിരുന്നു. 3000 ത്തിലധികം ആളുകൾ പങ്കെടുത്ത ഇഫ്താർ വിരുന്നിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. വർഷങ്ങളായി വിജയ് ഇഫ്താർ വിരുന്ന് നടത്താറുണ്ട്. ഇപ്പോഴിതാ, വിജയ് നടത്തിയ ഇഫ്താർ വിരുന്നിനെതിരെ പരാതി. മുസ്ലീം സമൂഹത്തെ അപമാനിച്ചുവെന്നാരോപിച്ചാണ് വിജയ്ക്കെതിരെ പോലീസ് പരാതി ലഭിച്ചത്. 
 
മതവികാരം വ്രണപ്പെടുത്തിയതിന് വിജയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സുന്നത്ത് ജമാഅത്ത് ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസിലാണ് പരാതി നൽകിയത്. തമിഴ്‌നാട് സുന്നത്ത് ജമാഅത്തിന്റെ സംസ്ഥാന ട്രഷറർ സയ്യിദ് ഗൗസാണ് പരാതി നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിജയ് നടത്തിയ ഇഫ്താർ പരിപാടി അധിക്ഷേപകരവും മുസ്ലീം സമൂഹത്തിൻറെ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും ഗൗസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 
 
നോമ്പുമായോ ഇസ്ലാമിക ആചാരങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്ത വ്യക്തികൾ, മദ്യപാനികളും റൗഡികളും ഉൾപ്പെടെ, ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നും, അത് ഇഫ്താറിന്റെ പവിത്രതയെ അപമാനിക്കുന്നതാണെന്നും ഇയാൾ ആരോപിച്ചു. അവരുടെ പങ്കാളിത്തം മുസ്ലീങ്ങൾക്ക് അനാദരവും അരോചകവുമായിരുന്നുവെന്നും ഗൗസ് ആരോപിച്ചു. പരിപാടിക്ക് ശരിയായ ക്രമീകരണങ്ങൾ ചെയ്യുന്നതിൽ വിജയ് പരാജയപ്പെട്ടുവെന്നും ഇത് പങ്കെടുത്തവർക്ക്  അസ്വസ്ഥത സൃഷ്ടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
 
വിക്രവണ്ടിയിൽ ഒക്ടോബറിൽ നടന്ന വിജയ്‍യുടെ പാർട്ടിയുടെ ആദ്യ രാഷ്ട്രീയ റാലിയിലും സമാനമായ ഒരു സംഭവം നടന്നതായി ഗൗസ് ആരോപിച്ചു. മോശം ആസൂത്രണം കാരണം പങ്കെടുത്തവരിൽ പലർക്കും കുടിവെള്ളം ലഭിച്ചില്ലെന്നും ചിലർ നിർജ്ജലീകരണം മൂലം ബോധരഹിതരായിപ്പോയെന്നും അദ്ദേഹം ആരോപിച്ചു. ഇഫ്താർ പരിപാടിയിൽ നടന്നതായി ആരോപിക്കപ്പെടുന്ന മോശം പെരുമാറ്റത്തിൽ നടന് യാതൊരു പശ്ചാത്താപവുമില്ലെന്നാണ് തോന്നുന്നതെന്നും ഇദ്ദേഹം വിമർശിച്ചു. 
 
മതപരമായ പരിപാടികളിൽ പങ്കെടുക്കുന്നതിലെ വിജയിന്റെ ആത്മാർത്ഥതയെ അദ്ദേഹം ചോദ്യം ചെയ്തു, ഇസ്ലാമിക പാരമ്പര്യങ്ങളോടുള്ള യഥാർത്ഥ ബഹുമാനത്താൽ നയിക്കപ്പെടുന്നതിനേക്കാൾ രാഷ്ട്രീയ പ്രേരിതമാണ് അദ്ദേഹത്തിന്റെ പ്രവൃത്തികളെന്നും തമിഴ്‌നാട് സുന്നത്ത് ജമാഅത്ത് ട്രഷറർ ആരോപിച്ചു. മുസ്ലീം സമൂഹത്തിന് ആഴത്തിലുള്ള മുറിവേൽപ്പിച്ച പ്രവൃത്തികൾ ചൂണ്ടിക്കാട്ടിയാണ് തങ്ങൾ നിയമനടപടിക്ക് ഇറങ്ങിയതെന്നും, അല്ലാതെ പബ്ലിസിറ്റിക്ക് അല്ലെന്നും സയ്യിദ് ഗൗസ് വ്യക്തമാക്കി. വിജയ്‍ക്കെതിരെ ഉടൻ നിയമനടപടി സ്വീകരിക്കണമെന്ന് തമിഴ്നാട് സുന്നത്ത് ജമാഅത്ത് ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍