പ്രേമം എന്നൊരൊറ്റ ചിത്രത്തിലൂടെ തമിഴ്നാട്ടിൽ സ്റ്റാർ ആയി കഴിഞ്ഞിരിക്കുകയാണ് നിവിൻ പോളി. താരം ഇപ്പോൾ മറ്റൊരു തമിഴ് സിനിമയുടെ തിരക്കിലാണ്. തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളികളുടെ നെഞ്ചിൽ ചേക്കേറിയ നിവിൻ ഇപ്പോൾ തമിഴകത്തിന്റേയും ദത്തുപുത്രനായിരിക്കുകയാണ്. ഒരു മലയാളി യുവ താരത്തിന് തമിഴിൽ ഇത്രയും ആരാധകർ ഉണ്ടാകുന്നതും ഇതാദ്യമാണ്.
ഇത്തവണത്തെ ബിഹൈന്റ് വുഡ് ഗോള്‍ഡ് മെഡല്‍ 2016 എന്ന പരിപാടിയില്‍ നിവിന്‍ പോളിക്കാണ് പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ലഭിച്ചത്. ചടങ്ങിൽ നിവിന്‍ പുരസ്കാരം നൽകിയത് ചിയാൻ വിക്രമാണ്. ഇരുവരും തമ്മിലുള്ള സൗഹൃദം ഇതോടെ വ്യക്തമാവുകയാണ്. ഇവർക്കൊപ്പം ഈ സൗഹൃദ കൂട്ടിൽ മറ്റൊരാൾ കൂടിയുണ്ട്. തമിഴകത്തിന്റെ സ്വന്തം ജയംരവി. വേദിയിൽ ജയംരവിയും ഉണ്ടായിരുന്നു.
വേദിയിൽ ഇരുവരും തങ്ങളുടെ സൗഹൃദത്തെ കുറിച്ചും ചില തമാശകളെ കുറിച്ചും സംസാരിക്കുകയുണ്ടായി. പുറത്തേക്ക് പോകുമ്പോള്‍ ഞാന്‍ കൈയ്യില്‍ കാശ് കരുതാറില്ല. അസിസ്റ്റന്‍സിനോട് കടം വാങ്ങിക്കാറാണ് പതിവ്. ഒരിക്കല്‍ ജയം രവിയോട് കടം ചോദിച്ചപ്പോള്‍ അദ്ദേഹം ഭാര്യയോട് പൈസയ്ക്ക് ചോദിക്കുന്നത് കണ്ടു. നിവിന്‍ പോളിയോട് ചോദിച്ചപ്പോള്‍ കൈയ്യില്‍ കാശില്ല എന്ന് നിവിന്‍ പച്ചക്കള്ളം പറഞ്ഞുവത്രെ.
പ്രേമത്തിലെ 'മലരേ' എന്നു തുടങ്ങുന്ന ഗാനം വിക്രം സ്റ്റേജിൽ പാടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വരികൾ അറിയാത്തതിനാൽ താരം അത് മൂളിപ്പാട്ടാകി മാറ്റി. എന്നാൽ നിവിൻ വേദിയിൽ ഗാനം ആലപിച്ചു. കൂടാതെ മറ്റൊരു രസകരമായ സംഭവം കൂടി ഉണ്ടായി. പ്രേമത്തിലെ കലിപ്പ് സോങ് ആയ 'കണ്ണു ചുവക്കണ്' എന്ന് തുടങ്ങുന്ന ഗാനത്തിന് നിവിനും വിക്രമും ജയംരവിയും റാംപ് വാക്ക് നടത്തുകയും ചെയ്തു. ഇത് ആരാധകർക്ക് വളരെ ഇഷ്ടപ്പെടുകയും ചെയ്തു.
മുൻപ് വിക്രത്തിന്റെ സ്പിരിറ്റ് ഓഫ് ദ ചെന്നൈ എന്ന ആൽബത്തിലും നിവിൻ അഭിനയിക്കുകയുണ്ടായി. കൂടാതെ വിക്രത്തിന്റെ പുതിയ ചിത്രമായ ഇരുമുഖന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ പ്രത്യേക അതിഥികളില്‍ ഒരാളായി നിവിന്‍ പോളിയും എത്തുമെന്നാണ് പുതിയ വാർത്ത.