തീയേറ്ററുകൾ കലാലയ വസന്തത്തിലേക്ക്... പ്രണയവും പ്രതികാരവും സൗഹൃദവും ഒത്തിണങ്ങിയ കാമ്പസ് കഥകൾ വെള്ളിത്തിരയിൽ
തിങ്കള്‍, 21 നവംബര്‍ 2016 (15:01 IST)
ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് കാമ്പസ് പ്രമേയമാക്കി സിനിമകൾ വരുന്നു. ന്യുജെൻ സിനിമയിലേക്ക് തിരിഞ്ഞെങ്കിലും സൗഹൃദവും പ്രണയവും പ്രതികാരവും ഒത്തിണങ്ങിയ കാമ്പസിനെ ആർക്കും മറക്കാൻ കഴിയില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണാമാണ് മലയാള സിനിമയിലേക്ക് കാമ്പസ് കഥകൾ തിരിച്ചുവരുന്നുവെന്നത്.
ഇടവേളകള്‍ അവസാനിപ്പിച്ച് കാമ്പസ് പ്രമേയമാകുന്ന സിനിമകള്‍ കൂട്ടത്തോടെ ബിഗ് സ്‌ക്രീനിലേക്കെത്തുകയാണ്. സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം സഖാവ്, നവാഗതനായ സാജിത് സംവിധാനം ചെയ്യുന്ന ഒരേമുഖം, ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്സിക്കൻ അപാരത, കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പൂമരം എന്നിവയാണ് പുറത്തിറങ്ങാനുള്ള കാമ്പസ് ചിത്രങ്ങൾ.
ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസൻ ആദ്യമായി നിർമിച്ച ആനന്ദമാണ് അവസാനമായി പുറത്തിറങ്ങിയ കാമ്പസ് ചിത്രം. സൗഹൃദങ്ങളെ ആഘോഷമാക്കുന്ന യുവത്വത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ പുതുമുഖങ്ങളായിരുന്നു മുഖ്യകഥാപാത്രങ്ങളായി എത്തിയത്. തീര്‍ത്തും പുതുമുഖങ്ങളെവെച്ച് ഒരുക്കിയ ആനന്ദം അവതരണത്തിന്റെ മികവുകൊണ്ടും പുതുമകൊണ്ടും കൈയടിനേടി.
സിദ്ധാർത്ഥ് ശിവ - നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സഖാവാണ് അടുത്ത കാമ്പസ് ചിത്രം. ചിത്രത്തിൽ യുവരാഷ്ട്രീയക്കാരനായിട്ടാണ് നിവിൻ എത്തുന്നത്. പ്രേമത്തിലെ അതേ കലിപ്പ് താടിയുമായാകും നിവിനീ സിനിമയിലുമെത്തുക എന്നും ഇതിനകം തന്നെ ഉറപ്പായിക്കഴിഞ്ഞു. ഐശ്വര്യ രാജേഷ്, ശ്രീനിവാസന്‍ എന്നിവരും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തും. അപർണ ഗോപിനാഥും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.
സാജിത് ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരേ മുഖം. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു ക്യാംപസ് ചിത്രം കൂടിയാണിത്. 1980-കളാണ് സിനിമയുടെ പ്രധാന പശ്ചാത്തലം. ആ കാലഘട്ടത്തിനിണങ്ങുന്ന രൂപത്തിലാണ് ധ്യാന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വിദ്യാര്‍ഥികള്‍ക്കിടയിലെ സൗഹൃദവും-ചേരിപ്പോരുമെല്ലാം ചിത്രത്തിന് കൂട്ടുവരുന്നു.
ടൊവിനോയുടെ മെക്സിക്കൻ അപാരതയുടെ ട്രെയിലർ പുറത്തിറങ്ങിയതോടെ ആരാധകരുടെ ആകാഷം ആവേശമായി മാറുകയായിരുന്നു. എസ് എഫ് ഐ നേതാവായിട്ടാണ് ടൊവിനോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ടോം ഇമ്മട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഹാരാജാസ് കോളജിലെ എസ് എഫ് ഐ യുടെ ചരിത്രമാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ കലിപ്പ്, കട്ടക്കലിപ്പ്.. എന്ന് തുടങ്ങുന്ന ആദ്യ പാട്ട് തന്നെയാണ് ചിത്രത്തിന്റെ ആകർഷണം.
ആക്ഷന്‍ ഹീറോ ബിജുവിനുശേഷം എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ പുറത്തുവരുന്ന കാമ്പസ്ചിത്രമാണ് പൂമരം. ചിത്രത്തിലെ ആദ്യഗാനം ഇതിനോടകം യുട്യൂബിൽ ഹിറ്റായി കഴിഞ്ഞു. എറണാകുളം മഹാരാജാസ് കോളേജില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ഒരു റിയലിസ്റ്റിക്ക് കാമ്പസ് ചിത്രമാകും പൂമരമെന്നാണ് അണിയറയിലുള്ളവരുടെ അവകാശവാദം.