നയൻതാരയുടെ പുതിയ ചിത്രം ടെസ്റ്റ് ഏപ്രിൽ നാലിനാണ് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയത്. മാധവൻ, മീര ജാസ്മിൻ, സിദ്ധാർത്ഥ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണെങ്കിലും നയൻതാര അടക്കമുള്ളവരുടെ അഭിനയത്തിന് നല്ല കൈയ്യടി ലഭിക്കുന്നുണ്ട്. നയൻതാരയുടെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസുകളിലൊന്നാണ് ടെസ്റ്റിലേതെന്ന് ആരാധകർ പറയുന്നു. കുമുദ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നയൻതാര അവതരിപ്പിച്ചത്.
സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് നയൻതാരയും മാധവനും സിദ്ധാർത്ഥും. നെറ്റ്ഫ്ലിക്സിന്റെ അഭിമുഖത്തിലാണ് മൂവരും ഒരുമിച്ചെത്തിയത്. കരിയറിൽ മോശം ഘട്ടത്തിൽ നിൽക്കുമ്പോഴാണ് ടെസ്റ്റ് എന്ന സിനിമ തന്നെ തേടി വരുന്നതെന്ന് നയൻതാര പറയുന്നു. കുമദയെന്ന കഥാപാത്രം എന്റെ ജീവിതത്തിൽ ഏറെ ആവശ്യമുണ്ടായിരുന്ന സമയത്താണ് വന്നത്. ഒരു ആക്ടറെന്ന നിലയിൽ പല ഘട്ടങ്ങളിലൂടെ കടന്ന് പോകും. സാധാരണ പോലത്തെ സിനിമകൾ ചെയ്യുന്ന ഘട്ടത്തിലായിരുന്നു ഞാൻ. അത്തരം സിനിമകളാണ് എന്നെ തേടി വന്നത് എന്ന് നടി പറയുന്നു.
നടി, നിർമാതാവ്, പ്രൊഡ്യൂസർ എന്നീ നിലകളിലെല്ലാം തിരക്കുകൾ മാനേജ് ചെയ്യുന്നതിനെക്കുറിച്ചും നയൻതാര സംസാരിച്ചു. 18 വയസ് മുതൽ വർക്ക് ചെയ്യുന്ന ആളാണ് ഞാൻ. മുതിർന്നപ്പോൾ മുതൽ ഞാനെപ്പോഴും ഓട്ടത്തിലായിരുന്നു. ജീവിതത്തിൽ നേടേണ്ട ലക്ഷ്യങ്ങൾക്ക് വേണ്ടിയായിരുന്നു അത്. ഇതൊരു മെയിൽ ഡൊമിനേറ്റഡ് ഇൻഡസ്ട്രിയാണ്. റെലവന്റ് ആകണമെന്ന് എനിക്കുണ്ടായിരുന്നു. സെറ്റിൽ ഒരുപാട് സ്ത്രീകൾ ഉണ്ടാകില്ല.
നിങ്ങൾ ഒറ്റയ്ക്കിരിക്കുമോ കുഴപ്പമുണ്ടോ എന്ന് എന്നോട് ചിലർ ചോദിക്കും. പക്ഷെ ഞാൻ എപ്പോഴും ഒറ്റയ്ക്കാണ് ഇരിക്കുന്നത്. സെറ്റിൽ 300 പുരുഷൻമാരുണ്ടാകും. എന്നെ സംരക്ഷിക്കണം, തന്നെ മറ്റൊരു തരത്തിൽ ട്രീറ്റ് ചെയ്യണമെന്ന് ഞാൻ ചിന്തിച്ചിട്ടേയില്ലെന്നും നയൻതാര വ്യക്തമാക്കി.