Murali Gopy: മുരളി ഗോപി അത്ര ഹാപ്പിയല്ല; എമ്പുരാന്‍ പോസ്റ്ററുകളും ഷെയര്‍ ചെയ്യുന്നില്ല !

രേണുക വേണു

ബുധന്‍, 2 ഏപ്രില്‍ 2025 (10:08 IST)
Mohanlal, Prithviraj and Murali Gopy

Murali Gopy: എമ്പുരാന്‍ 'വെട്ടില്‍' തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത അതൃപ്തി. രാഷ്ട്രീയ വിവാദങ്ങള്‍ക്കു പിന്നാലെ എമ്പുരാനിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയത് മുരളിയുടെ സമ്മതപ്രകാരമല്ല. വിവാദങ്ങളെ പേടിച്ച് സിനിമയിലെ ഏതെങ്കിലും ഭാഗം നീക്കുന്നതിനോടു മുരളിക്ക് വിയോജിപ്പുണ്ടായിരുന്നു. 
 
സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെയാണ് ചില ഭാഗങ്ങളില്‍ മാറ്റം വരുത്താന്‍ സംവിധായകന്‍ പൃഥ്വിരാജ് തീരുമാനിച്ചത്. നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലനും നടന്‍ മോഹന്‍ലാലും ഇക്കാര്യം പൃഥ്വിരാജിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുപ്രധാന രംഗങ്ങളില്‍ അടക്കം കത്രിക വയ്ക്കുന്നതിനോടു തനിക്ക് യോജിപ്പില്ലെന്ന് മുരളി പൃഥ്വിരാജിനെ അറിയിച്ചു. 
 
സിനിമ വിവാദമായതോടെ മോഹന്‍ലാല്‍ മാപ്പ് പറഞ്ഞതിലും മുരളി ഗോപിക്ക് അതൃപ്തിയുണ്ട്. മോഹന്‍ലാലിന്റെ ക്ഷമാപണ കുറിപ്പ് പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തപ്പോള്‍ മുരളി ഗോപി അതില്‍ നിന്നു വിട്ടുനിന്നു. മോഹന്‍ലാലിന്റെ ക്ഷണാപണത്തോടു പ്രതികരിക്കാനോ പോസ്റ്റ് ഷെയര്‍ ചെയ്യാനോ മുരളി തയ്യാറായില്ല. അതിനു പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നതും മുരളി ഗോപി നിര്‍ത്തി. 
 
എമ്പുരാനുമായി ബന്ധപ്പെട്ട് മുരളി ഗോപി അവസാനം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത് 'കാവലായി ചേകവര്‍' എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയാണ്. മാര്‍ച്ച് 29 നാണ് മുരളിയുടെ അവസാന എമ്പുരാന്‍ അപ്ഡേറ്റ്. റിലീസ് ദിവസവും അതിനുശേഷമുള്ള രണ്ട് ദിവസവും എമ്പുരാനുമായി ബന്ധപ്പെട്ട ഒന്നിലേറെ പോസ്റ്ററുകള്‍ മുരളി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ സിനിമയിലെ ചില രംഗങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചതിനു പിന്നാലെ മുരളി ഗോപി എമ്പുരാന്റെ യാതൊരു പോസ്റ്ററുകളും പങ്കുവെച്ചിട്ടില്ല. ചെറിയ പെരുന്നാള്‍ ദിവസമായ തിങ്കളാഴ്ച ഈദ് ആശംസകള്‍ നേര്‍ന്നുകൊണ്ട് മുരളി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അപ്പോഴും എമ്പുരാന്‍ അപ്‌ഡേറ്റ്‌സ് ഒഴിവാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍