എമ്പുരാന്‍ സിനിമയുടെ അവസാന ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ് സുകുമാരന്‍. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. സിനിമ റിലീസ് ചെയ്ത് ഒരാഴ്ച ആകുന്നതിന് മുന്നേ തന്നെ സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലം അവതരിപ്പിച്ച പ്രണവ് മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
നേരത്തെ ഒന്നാമന്‍, കുഞ്ഞാലി മരയ്ക്കാര്‍ തുടങ്ങിയ ചിത്രങ്ങളിലും പ്രണവ് അച്ഛന്റെ ചെറുപ്പകാലം അവതരിപ്പിച്ചിരുന്നു. ചിത്രത്തില്‍ ബോംബെ അധോലോകത്ത് എത്തിപ്പെടുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്റർ ഇതിനോടകം വൈറലായിട്ടുണ്ട്. കൈയ്യിലും മുഖത്തും ചോരയൊലിപ്പിച്ച് എരിയുന്ന കണ്ണുമായി നിൽക്കുന്ന പ്രണവിനെ മലയാളികൾ ഇതിനു മുൻപ് കണ്ടിട്ടില്ല. പ്രണവ് ഇതുവരെ ചെയ്തിട്ടുള്ളതിൽ വെച്ച് വളരെ വ്യത്യസ്തമായ ഒരു കഥാപാത്ര രൂപീകരണം തന്നെ ഇവിടെ കാണാൻ കഴിയും.