'2002, ഇന്ത്യ' മാറി 'കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്' എന്നാക്കി; മാറ്റങ്ങള്‍ നിര്‍മാതാക്കളും സംവിധായകനും ആവശ്യപ്പെട്ട പ്രകാരം

രേണുക വേണു

ചൊവ്വ, 1 ഏപ്രില്‍ 2025 (15:29 IST)
രാഷ്ട്രീയ വിവാദങ്ങളെ തുടര്‍ന്ന് എമ്പുരാന്‍ സിനിമയിലെ പ്രസക്ത ഭാഗങ്ങളില്‍ മാറ്റം. സിനിമയില്‍ 24 ഭാഗങ്ങളാണ് റി എഡിറ്റ് ചെയ്തിരിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്ന കാലഘട്ടത്തില്‍ അടക്കം മാറ്റം വരുത്തിയിട്ടുണ്ട്. 
 
'2002, ഇന്ത്യയില്‍ ഒരിടത്ത്' എന്നു പറഞ്ഞ് തുടങ്ങുന്ന ഭാഗം 'കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്' എന്നാക്കി. 2002 ലെ ഗുജറാത്ത് കലാപത്തോടു സദൃശ്യമുള്ള ഭാഗമാണിത്. പ്രധാന വില്ലന്റെ പേര് ബല്‍രാജ് ബജ്‌റംഗി എന്നായിരുന്നു. ഇത് ബല്‍ദേവ് എന്നാക്കി മാറ്റി. 
 
നന്ദി കാര്‍ഡില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പേരുണ്ടായിരുന്നു. ഇത് സുരേഷ് ഗോപിയുടെ ആവശ്യപ്രകാരം നീക്കം ചെയ്തു. ജ്യോതിഷ് മോഹന്‍ ഐആര്‍എസിനു നന്ദി പറയുന്ന കാര്‍ഡുകളും മാറ്റിയിട്ടുണ്ട്.
 
മതകേന്ദ്രത്തിനു മുന്നിലൂടെ ട്രാക്ടറും വാഹനങ്ങളും പോകുന്ന ദൃശ്യങ്ങള്‍ മുറിച്ചുനീക്കി, അക്രമങ്ങളുടെയും മൃതദേഹങ്ങളുടെയും സീനുകള്‍ ഒഴിവാക്കി. ബല്‍രാജ്, പീതാംബരന്‍ എന്നീ കഥാപാത്രങ്ങളുടെ ചില സീനുകള്‍ നീക്കം ചെയ്തു. എന്‍ഐഎ എന്ന വാക്ക് മ്യൂട്ട് ചെയ്തു. മസൂദും സയീദ് മസൂദും തമ്മിലുള്ളതും ബെല്‍രാജും മുന്നയും തമ്മിലുള്ളതുമായ ചില സംഭാഷണങ്ങളും മാറ്റി. ഏകദേശം 2.08 മിനിറ്റ് ദൈര്‍ഘ്യമുള്ള ഭാഗങ്ങളാണ് മാറ്റിയിരിക്കുന്നത്. മാറ്റം വരുത്തിയ പതിപ്പ് നാളെ മുതല്‍ പ്രദര്‍ശിപ്പിക്കും. 
 
നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാലുമാണ് വിവാദ ഭാഗങ്ങളില്‍ റി എഡിറ്റിങ് വേണമെന്ന് ആവശ്യപ്പെട്ടത്. റി എഡിറ്റിങ്ങിനോടു തിരക്കഥാകൃത്ത് മുരളി ഗോപിക്ക് വിയോജിപ്പുള്ളതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍