പുലിമുരുകന്റെ വിജയം ആഘോഷിക്കാൻ അവൾ ഇല്ലാതെ പോയി: ഷാജി കുമാർ

വെള്ളി, 18 നവം‌ബര്‍ 2016 (13:40 IST)
മലയാള സിനിമയെ നൂറ് കോടി ക്ലബ്ബിൽ കയറ്റിയ മോഹൻലാൽ പടമാണ് പുലിമുരുകൻ. മലയാളത്തിൽ ഇന്നോളം റിലീസ് ചെയ്ത ചിത്രങ്ങളുടെ മിക്ക റെക്കോർഡുകളും തകർത്തു കൊണ്ടാണ് പുലിമുരുകൻ തീയേറ്ററുകളിൽ ഓടുന്നത്. പുലിമുരുകൻ ഒരു നടന്റെ മാത്രം അധ്വാനത്തിന്റെ വിജയമല്ലെന്ന് സംവിധായകനും അണിയറ പ്രകർത്തകരും വ്യക്തമാക്കിയതാണ്. അക്കൂട്ടത്തിൽ മികച്ച പങ്കുവഹിക്കുന്നയാൾ ചിത്രത്തിന്റെ ക്യാമറാമാന്‍ ഷാജികുമാർ ആണ്.
 
15 വര്‍ഷത്തിനുള്ളില്‍ 40 ലധികം ചിത്രങ്ങളുടെ ക്യാമറാമാനായി പ്രവര്‍ത്തിച്ചയാളാണ് ഷാജി കുമാർ. പുലിമുരുകന്റെ സംവിധായകനോടൊപ്പം അഞ്ചു സിനികളിൽ ഒന്നിച്ചിട്ടുണ്ട്. നിരവധി സിനിമകളുടെ ഭാഗമായ ഷാജി 2014 ഓടെ സിനിമ ജീവിതം നിർത്തുകയായിരുന്നു. അർബുദ ബാധിതയായ ഭാര്യ സ്മിതയുടെ വേര്‍പാട് ഷാജിയെ തകർത്തു കളയുകയായിരുന്നു. തകര്‍ന്നു പോയ താന്‍ അന്നു മുതല്‍ സിനിമ ഉപേക്ഷിക്കുകയായിരുന്നെന്നു ഷാജികുമാര്‍ പറയുന്നു.
 
വീട്ടിലിരുന്നു തകര്‍ന്നു പോയ തന്നെ സുഹൃത്തുക്കളും സംവിധായകരുമായ വൈശാഖും റാഫിയും അജയ് വാസുദേവനും തിരിച്ചു വിളിക്കുകയായിരുന്നു. വൈശാഖ് തന്നെ വിളിച്ചില്ലായിരുന്നില്ലെങ്കില്‍ പുലിമുരുന്റെ ഭാഗമാവാന്‍ താനുണ്ടാവുമായിരുന്നില്ല. പുലിമുരുകന്റെ വിജയം കാണാന്‍ അമ്മ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് മക്കളും ഇടക്കിടെ പറയാറുണ്ടെന്ന് ഷാജി കുമാര്‍ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക