സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മാളവിക മോഹനന്‍

രേണുക വേണു

ചൊവ്വ, 28 ജനുവരി 2025 (10:21 IST)
Mohanlal, Sathyan Anthikkad, Malavika Mohanan

പ്രമുഖ തെന്നിന്ത്യന്‍ താരം മാളവിക മോഹനന്‍ സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയാകുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് മോഹന്‍ലാല്‍ നായകനാകുന്ന 'ഹൃദയപൂര്‍വം' എന്ന കുടുംബ ചിത്രത്തിലാണ് മാളവിക നായികയായി എത്തുക. ഇതാദ്യമായാണ് മാളവിക മോഹന്‍ലാലിന്റെ നായികയായെത്തുന്നത്. 
 
'ഹൃദയപൂര്‍വ'ത്തിന്റെ ചിത്രീകരണം ഫെബ്രുവരി 10 നു ആരംഭിക്കും. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രം കൂടിയാണ് ഇത്. 2015 ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും 'ഹൃദയപൂര്‍വ'ത്തിന്റെ ഭാഗമാകുന്നുണ്ട്. സിനിമയുടെ കഥ അഖില്‍ സത്യന്റേതാണ്. അനൂപ് സത്യന്‍ അസോഷ്യേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. നവാഗതനായ സോനു ടി.പി.യാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്.
 
പൂര്‍ണമായി കുടുംബ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്. ഈ സിനിമയ്ക്കു വേണ്ടി മോഹന്‍ലാല്‍ താടിയെടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി സംഗീതയും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം. ഗാന രചന: മനു മഞ്ജിത്ത്. അനു മൂത്തേടത്ത് ആണ് ക്യാമറ. കൊച്ചി, പൂണെ എന്നിവിടങ്ങളിലാകും ചിത്രീകരണം. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകുമെന്നാണ് വിവരം. അതേസമയം സത്യന്‍ അന്തിക്കാട് ചിത്രത്തിനു ശേഷമായിരിക്കും ലാല്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാകുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍