അലന്‍സിയറിന്റെ പേര് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരിക മഹേഷിന്റെ പ്രതികാരമാണ്. മഹേഷിന്റെ ബേബിച്ചായന്‍ എന്ന കഥാപാത്രം വെള്ളിത്തിരയില്‍ എത്തിയതോടെ അലന്‍സിയറിന്റെ ഭാഗ്യമാണ് തെളിഞ്ഞത്. പിന്നീട് സിനിമകളുടെ തിരക്കായിരുന്നു അലന്‍സിയറിന്. മമ്മൂട്ടിയുടെ കസബയില്‍ അഭിനയിച്ചു. ഇപ്പോള്‍ ഇതാ തോപ്പില്‍ ജോപ്പനിലും അഭിനയിച്ചു കൊണ്ടൊരിക്കുകയാണ്.
മമ്മൂട്ടി വളരെ ഹ്യൂമര്‍ സെന്‍സ് ഉള്ളയാണെന്നാണ് അലന്‍സിയര്‍ പറയുന്നത്. ഇത്രയും കരുണയും വലിയ സൗഹൃദവുമുള്ള, സെന്‍സ് ഓഫ് ഹ്യൂമറുള്ള മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്നാണ് താരം പറയുന്നത്. മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ പേടിയായിരുന്നെന്നും എന്നാല്‍ കൂടെ അഭിനയിച്ച് സൗഹൃദത്തിലായതിനു ശേഷമാണ് ആ ഭയം ഇല്ലാതായതെന്നും അലന്‍സിയര്‍ പറയുന്നു.
തോപ്പില്‍ ജോപ്പനിലെ ഒരു രംഗം എടുത്തപ്പോഴുള്ള സംഭവം ഓര്‍ക്കുകയാണ് അലന്‍സിയര്‍. കബടി കളിക്കുന്നതിനിടെ മമ്മൂട്ടി എന്നെ വലിച്ചിടും. ഞാന്‍ തെറിച്ചു വീഴണം. റിഹേഴ്‌സല്‍ എടുത്തുകഴിഞ്ഞപ്പോള്‍ സംവിധായകന്‍ പറഞ്ഞു അത് വേണ്ട എന്ന്. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു, കുഴപ്പമില്ല നന്നായിട്ടുണ്ട്. എന്നിട്ട് എന്റെ അരികില്‍ വന്ന് ചോദിച്ചു, 'എത്ര വയസ്സുണ്ട്?'. അല്പം ബഹുമാനം കിട്ടുമല്ലോ എന്ന് കരുതി ഞാന്‍ പറഞ്ഞു, 53. 'അപ്പോ കുഴപ്പമില്ല ലാലിനെക്കാള്‍ ചെറുപ്പമാ, ചെയ്‌തോളൂ'. അത് കേട്ടപ്പോള്‍ ഞാന്‍ ദയനീയമായി ഒന്ന് നോക്കി. അപ്പോള്‍ മമ്മൂട്ടി പറയുകാ, 'ഇങ്ങനെയാ ഓരോന്ന് പഠിക്കുന്നത്' എന്ന്. - അലന്‍സിയര്‍ പറഞ്ഞു.