തിലകനുമായി ബന്ധപ്പെട്ട വിവാദത്തിൽ കൂടുതൽ വിവരങ്ങൾ തുറന്നുപറഞ്ഞ് മോഹൻലാൽ

Webdunia
തിങ്കള്‍, 9 ജൂലൈ 2018 (15:47 IST)
മോഹൻലാലിന് തിലകൻ എഴുതിയ കത്തായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പുണ്ടായിരുന്ന ചർച്ച. താരങ്ങളുടെ സംഘടനയായ അമ്മയുടെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു തിലകൻ മോഹൻലാലിന് കത്തെഴുതിയിരുന്നത്. 2010 മാര്‍ച്ച് 23നായിരുന്നു തിലകൻ ആ കത്ത് എഴുതിയത്. ദിലീപിനെ 'അമ്മ'യിലേക്ക് തിരിച്ചെടുത്ത സാഹചര്യത്തിലാണ് തിലകൻ എഴുതിയ കത്തും വിവാദമായത്. എന്നാൽ തിലകനുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും ശരിയല്ലെന്ന് മോഹൻലാൽ ഇന്ന് നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.
 
മോഹൻലാലിന്റെ വാക്കുകൾ–
 
"തിലകൻ ചേട്ടനുമായി ഏറ്റവും അടുത്ത സൗഹൃദം ഉള്ള ആളായിരുന്നു ഞാൻ. എത്രയോ നല്ല സിനിമകൾ ഞങ്ങൾ ഒരുമിച്ച് ചെയ്തു. ഈ പറയപ്പെടുന്ന വിലക്ക് ഉള്ള സമയത്ത് പോലും ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമ നടക്കുന്ന സമയം, അന്ന് അദ്ദേഹത്തിന് നടക്കാൻ പോലും കഴിയില്ലായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ ആ കഥാപാത്രത്തെ വടി ഊന്നി നടക്കുന്ന കഥാപാത്രമാക്കി മാറ്റി. എന്നിട്ട് അദ്ദേഹത്തെ അഭിനയിപ്പിച്ചു. ഞാൻ തന്നെ നിർമ്മിച്ച സ്പിരിറ്റ് എന്ന സിനിമയിൽ അഭിനയിച്ചു.
 
അദ്ദേഹം അങ്ങനെ എഴുത്ത് തന്നു എന്ന് പറയുന്ന സമയത്ത് ഞാൻ അമ്മ തസ്തികകളിലൊന്നും ഇല്ലാത്ത സമയത്താണ്. അദ്ദേഹവുമായി ബന്ധപ്പെട്ട കേസിൽ ഞാൻ കോടതി കയറി സാക്ഷിക്കൂട്ടിൽ ഇരുന്ന് സംസാരിച്ചിട്ടുണ്ട്. അത്തരം സന്ദർഭങ്ങൾ അറിഞ്ഞോ അറിയാതെയോ ഉണ്ടായതാണ്. ഇപ്പോഴും തിലകൻ ചേട്ടന്റെ കാര്യം ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. ഇനി ഒന്നും ചെയ്യാൻ പറ്റാത്ത കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ട് അർത്ഥമുണ്ടോ?"
 

അനുബന്ധ വാര്‍ത്തകള്‍

Next Article