ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് മികച്ച പ്രതികരണങ്ങളുമായി തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. 86 പുതുമുഖങ്ങളെ വെച്ച് ഒരു സിനിമ നിർമിയ്ക്കുക. അത് ഇത്രയും ഹിറ്റാവുക എന്നത് ചെറിയ കാര്യമല്ല. ഈ സിനിമയിലെ നായികമാരിലൊരാളായ ' ലിച്ചി' യെന്ന കഥാപാത്രത്തെക്കുറിച്ച് മാതൃഭൂമി ആഴ്ചപതിപ്പിന്റെ എഡിറ്ററായ മനില സി മോഹന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ് .
മനിലയുടെ വാക്കുകളിലൂടെ:
അങ്കമാലി ഡയറീസിൽ ഒരു കിടിലൻ ലിച്ചിയുണ്ട്. സ്ഫുടതയില്ലാതെ സംസാരിക്കുന്ന ലിച്ചി. പ്രണയിക്കുന്നവന്റെ പ്രണയങ്ങളെ പ്രണയത്തോടൊപ്പം ചേർത്തു പിടിക്കുന്ന ലിച്ചി. ഒരു ഉണ്ടപ്പക്കുടു ലിച്ചി.
ജോലി ചെയ്ത് വീട് വെക്കുന്ന ലിച്ചി.
പെണ്ണുങ്ങൾ മദ്യപിക്കുന്നത്, മദ്യ ഗ്ലാസിന്റേം സിഗരറ്റിന്റേം ഒപ്പമുള്ള പടം പിടിച്ച് ഫേസ്ബുക്കിലിടുന്ന വിപ്ലവ പ്രവർത്തനമല്ലെന്നും അത് ചുമ്മാ ഒരു രസമാണെന്നും രണ്ട് പെഗ്ഗിന്റെ പുറത്ത് പെപ്പേയെ കെട്ടിപ്പിടിച്ച് പ്രണയം പറഞ്ഞ ലിച്ചി.
പാതിരാത്രി വെള്ളമടിച്ച് വിജനമായ വഴിയിലൂടെ പെപ്പെയോടൊപ്പം പെൻഗ്വിൻ നടക്കുന്ന പോലെ ലിച്ചി നടന്നു വരുമ്പോ പുറകീന്ന് ഹെഡ് ലൈറ്റിട്ട ഒരു വണ്ടി വരും. വന്ന് വന്ന് അടുത്തെത്തും. ഹേയ്... ഒന്നും ഉണ്ടാവില്ല. അതങ്ങ് പോവും. നമുക്ക് പേടി വരും. ലിച്ചിക്ക് വരില്ല.
ലിച്ചിയുടെ കണ്ണിലെ കത്തുന്ന സ്നേഹം, പ്രണയം നമ്മക്ക് കാണാൻ പറ്റും. ലിച്ചിയുടെ കോസ്റ്റ്യൂം,
ലിച്ചിയുടെ ലിപ്സ്റ്റിക്ക്, ലിച്ചിയുടെ ആക്സസറീസ് ഒന്നും നമ്മളെ ബാധിക്കില്ല. പക്ഷേ ലിച്ചിയെ അങ്ങിഷ്ടപ്പെടും. ലിജോ ജോസ് പല്ലിശ്ശേരിയേ... നിങ്ങടെ ലിച്ചി സ്റ്റൈലൻ പെണ്ണാണ് ട്ടാ.. അങ്കമാലി ഡയറീസും ചെത്തീണ്ട് .