മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചരിത്ര സിനിമയാണ് മാമാങ്കം. ചിത്രത്തിന്റെ രണ്ട് ഷെഡ്യൂൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഈ അവസരത്തിലാണ് ചിത്രത്തിൽ നിന്നും ക്വീൻ താരം ധ്രുവനെ പുറത്താക്കിയതായി വെളിപ്പെടുത്തൽ വരുന്നത്. കാരണമൊന്നും അറിയിക്കാതെയായിരുന്നു പുറത്താക്കലെന്നാണ് ധ്രുവ് പറഞ്ഞത്.
ധ്രുവനെ പുറത്താക്കിയത് അറിയില്ലെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഈഗോ പ്രശ്നം മൂലം ആകാനാണ് സാധ്യതയെന്ന് സംവിധായകൻ സജീവ് പിള്ള മനോരമ ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു. ധ്രുവനെ പ്രശംസിച്ച് മമ്മൂക്കയും സംസാരിച്ചിരുന്നുവെന്നും അസാധ്യപ്രകടനമാണെന്നും സംവിധായകൻ പറയുന്നു.
അതേസമയം, നിർമാതാവിന്റെ ഇടപെടലാണ് ഈ പുറത്താക്കലിനു കാരണമെന്നും റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ മമ്മൂട്ടി ഇടപെടുമെന്നും ഉടൻ തന്നെ ധ്രുവനെ മമാങ്കത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും ആരാധകർ പറയുന്നു. അതിനു സാധിച്ചില്ലെങ്കിൽ ധ്രുവന് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിൽ നല്ലൊരു വേഷം മാറ്റിവെയ്ക്കുമെന്നും ഇവർ പറയുന്നുണ്ട്.
ക്വീനിന്റെ വിജയശേഷം മാമാങ്കത്തിനു വേണ്ടി ധ്രുവന്‍ മറ്റു ചിത്രങ്ങള്‍ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല. ചിത്രത്തിനായി കഠിനാദ്ധ്വാനം ചെയ്തും കളരി പഠിച്ചുമൊക്കെയായിരുന്നു ധ്രുവന്‍ തന്റെ ശരീരം യോദ്ധാക്കളുടേതിന് സമമാക്കിയെടുത്തത്.
സജീവ് പിളള എന്ന സംവിധായകന്റെ വര്‍ഷങ്ങള്‍ നീണ്ട സ്വപ്നമാണ് മാമാങ്കം. മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ പറ്റില്ലല്ലോയെന്നാണ് എന്റെ ഏറ്റവും വലിയ വിഷമമെന്ന് ധ്രുവ് പറയുന്നു.