സീരിയല്‍ കില്ലറായി മമ്മൂട്ടി; ജിതിന്‍ കെ ജോസ് പടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

രേണുക വേണു

ബുധന്‍, 23 ഒക്‌ടോബര്‍ 2024 (14:26 IST)
നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കൊച്ചിയിലാണ് പേര് പ്രഖ്യാപിക്കാത്ത ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. സെപ്റ്റംബര്‍ 25 നു നാഗര്‍കോവിലിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. നെഗറ്റീവ് വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജിതിന്‍ കെ ജോസ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 
 
സൈക്കോപ്പാത്തായ ഒരു സീരിയല്‍ കില്ലര്‍ വേഷമാണ് മമ്മൂട്ടിയുടേത്. ദക്ഷിണേന്ത്യയില്‍ വലിയ കോലിളക്കം സൃഷ്ടിച്ച കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് സിനിമയുടെ ഉള്ളടക്കമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കിയ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു കുപ്രസിദ്ധനായ ആളാണ് സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍. ഈ കഥാപാത്രത്തെയാണ് ജിതിന്‍ കെ ജോസ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 
 
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പി'ന്റെ സഹതിരക്കഥാകൃത്തായ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമ സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ഴോണറിലാണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇത്. വിനായകന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനായകന്റേത് പൊലീസ് കഥാപാത്രമാണ്. ഈ സിനിമയിലെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനാണ് മമ്മൂട്ടി ഈയടുത്ത് താടിയെടുത്തത്. സിനിമയിലെ മമ്മൂട്ടിയുടെ ലുക്കും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍