മമ്മൂട്ടിയുടെ രാജ 2 ജൂലൈയില്‍! - വരില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി!

തിങ്കള്‍, 16 ഏപ്രില്‍ 2018 (15:43 IST)
പോക്കിരിരാജ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായി വൈശാഖ് പ്രഖ്യാപിച്ച പ്രൊജക്ടാണ് രാജ 2. മമ്മൂട്ടി വീണ്ടും രാജയായി എത്തുന്ന സിനിമയ്ക്ക് ഉദയ്കൃഷ്ണ തിരക്കഥ രചിക്കുമെന്നും ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുമെന്നുമായിരുന്നു വൈശാഖ് അറിയിച്ചത്. എന്നാല്‍ പിന്നീട് ഈ സിനിമ ഉപേക്ഷിക്കപ്പെട്ടതായി പ്രചരണമുണ്ടായി.
  
എന്നാല്‍, മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം രാജ 2ന്റെ ഷൂട്ടിംഗ് ജൂലൈയില്‍ തുടങ്ങും. ജൂലൈയില്‍ തുടങ്ങുന്ന ആദ്യ ഷെഡ്യൂളിനു ശേഷം വൈശാഖ് നിവിന്‍ പോളി ചിത്രത്തിലേക്ക് നീങ്ങും. നെല്‍സണ്‍ ഐപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മിക്കുന്നത്. ടോമിച്ചന്‍ മുളകുപ്പാടം ചിത്രത്തില്‍ നിന്നും പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
പുലിമുരുകന്‍ പോലെ പ്രകമ്പനം സൃഷ്ടിച്ച ഒരു ഹിറ്റിന് ശേഷം അതേ മാസ് ഘടകങ്ങള്‍ ഒട്ടും ആവേശം ചോരാത്ത തരത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ സബ്ജക്ടായിരുന്നു രാജ 2. അതുകൊണ്ടുതന്നെ അത് വേണ്ടെന്നുവയ്ക്കാന്‍ സംവിധായകന് പെട്ടെന്ന് കഴിയില്ല. 
 
"രാജാ 2, പോക്കിരിരാജ എന്ന സിനിമയുടെ തുടര്‍ച്ചയല്ല, 'രാജാ' എന്ന കഥാപാത്രത്തിന്റെ മാത്രം തുടര്‍ച്ചയാണ്... പുതിയ ചിത്രത്തില്‍ 'രാജാ' എന്ന കഥാപാത്രത്തെ മാത്രമാണ് ഉപയോഗിക്കുന്നത്. കഥയും കഥാപശ്ചാത്തലവും ആഖ്യാനരീതിയും തികച്ചും പുതിയതാണ്. രാജാ 2 കൂടുതല്‍ ചടുലവും കൂടുതല്‍ സാങ്കേതികമികവ് നിറഞ്ഞതുമാണ്” - വൈശാഖ് പറഞ്ഞത് നമുക്ക് വിശ്വസിക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍