മമ്മൂട്ടിച്ചിത്രം കത്തിക്കരിഞ്ഞു, മോഹന്‍ലാല്‍ പടത്തിന് പണക്കിലുക്കം!

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (18:43 IST)
1990ലാണ് മമ്മൂട്ടിയുടെ മെഗാഹിറ്റ് സിനിമ സാമ്രാജ്യം പുറത്തിറങ്ങുന്നത്. ഇന്ത്യന്‍ സിനിമാലോകം മുഴുവന്‍ ശ്രദ്ധിച്ച വിജയമാണ് ആ സിനിമ നേടിയത്. പല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. ജോമോന്‍ എന്ന സംവിധായകനും അതോടെ താരമൂല്യമേറി.
 
മമ്മൂട്ടിയെയും ജോമോനെയും വീണ്ടും ഒരുമിപ്പിച്ച് ഒരു സിനിമ നിര്‍മ്മിച്ചാലോ എന്ന് മണിയന്‍‌പിള്ള രാജുവിന് തോന്നിയത് അങ്ങനെയാണ്. സാമ്രാജ്യത്തിന്‍റെ വിജയം ആവര്‍ത്തിക്കാമെന്ന് രാജുവും കരുതിയിരിക്കണം. ‘അനശ്വരം’ എന്ന ചിത്രം ജനിച്ചത് അങ്ങനെയായിരുന്നു.
 
ടി എ റസാഖായിരുന്നു അനശ്വരം എന്ന റിവഞ്ച് ത്രില്ലറിന് തിരക്കഥ രചിച്ചത്. മമ്മൂട്ടി ഡാനിയല്‍ ഡിസൂസ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. ശ്വേതാ മേനോനായിരുന്നു നായിക. ഇന്നസെന്‍റ്, കുതിരവട്ടം പപ്പു, സുകുമാരി, ശങ്കരാടി, ദേവന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി. വേണുവിന്‍റെ ക്യാമറയും ഇളയരാജയുടെ സംഗീതവുമായിരുന്നു ചിത്രത്തിന്.
 
വമ്പന്‍ പ്രതീക്ഷയോടെ 1991 ഓഗസ്റ്റ് 15ന് റിലീസായ അനശ്വരത്തിന് എതിരാളികളായി തിയേറ്ററുകളില്‍ ഉണ്ടായിരുന്നത് മോഹന്‍ലാലിന്‍റെ കിലുക്കവും അങ്കിള്‍ ബണ്ണുമായിരുന്നു. എന്തായാലും അനശ്വരം ബോക്സോഫീസില്‍ മൂക്കും കുത്തിവീണു. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും കനത്ത പരാജയങ്ങളിലൊന്നായി അനശ്വരം മാറി. നിര്‍മ്മാതാവെന്ന നിലയില്‍ കനത്ത നഷ്ടമാണ് മണിയന്‍‌പിള്ള രാജുവിന് ഉണ്ടായത്.
 
അനശ്വരം ഉണ്ടാക്കിയ സാമ്പത്തിക ബാധ്യതയില്‍ നിന്ന് മണിയന്‍‌പിള്ള രാജു കരകയറാന്‍ നാലുവര്‍ഷത്തോളമെടുത്തു. എന്നാല്‍ അനശ്വരം പരാജയമായിരുന്നെങ്കിലും, ആ ചിത്രത്തിലെ ‘താരാപഥം ചേതോഹരം...’ എന്ന ഗാനം ഇപ്പോഴും മലയാളികളെ ആകര്‍ഷിച്ച് അനശ്വരമായി നില്‍ക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article