Mammootty - Mahesh Narayanan Movie: മഹേഷ് നാരായണന്‍ ചിത്രം മമ്മൂട്ടി ഉപേക്ഷിച്ചോ?

രേണുക വേണു

ബുധന്‍, 30 ജൂലൈ 2025 (09:15 IST)
Mammootty - Mahesh Narayanan Movie: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മമ്മൂട്ടി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിട്ട് ഏതാണ്ട് നാല് മാസം പിന്നിട്ടു. പൂര്‍ണ ആരോഗ്യവാനായി മമ്മൂട്ടി ഉടന്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും എന്ന് എത്തുമെന്ന കാര്യത്തില്‍ ഇതുവരെ ഒരു ഉറപ്പ് ലഭിച്ചിട്ടില്ല. 
 
അതിനിടയിലാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം പ്രതിസന്ധിയിലാണെന്നും മമ്മൂട്ടി ഈ സിനിമയില്‍ നിന്ന് പിന്‍വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത് തികച്ചും അടിസ്ഥാനരഹിതമായ പ്രചാരണമാണ്. മഹേഷ് നാരായണന്‍ ചിത്രത്തില്‍ നിന്ന് മമ്മൂട്ടി ഒഴിവാകുകയോ അദ്ദേഹത്തിന്റെ സീനുകള്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടില്ല. 
 
മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടിയാണ് പ്രധാന നായകന്‍. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ എന്നിവരുടേത് കാമിയോ വേഷങ്ങളാണ്. കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിനു കൂടുതല്‍ ദൈര്‍ഘ്യമുണ്ട്. ഏകദേശം 50 ദിവസത്തെ ചിത്രീകരണം കൂടി മമ്മൂട്ടിക്ക് ബാക്കിയുണ്ടെന്നാണ് വിവരം. കൊച്ചിയിലാണ് ചിത്രത്തിന്റെ പ്രധാന ഷെഡ്യൂള്‍ നടക്കാന്‍ പോകുന്നത്. ഓഗസ്റ്റിലായിരിക്കും മമ്മൂട്ടി മഹേഷ് സിനിമയില്‍ വീണ്ടും ജോയിന്‍ ചെയ്യുക. ഇനി ചിത്രീകരിക്കാനുള്ള ഭാഗങ്ങളില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ കോംബിനേഷന്‍ സീനുകളും ഉണ്ട്. 
 
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്ന മമ്മൂട്ടി ഉടന്‍ കേരളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം. നിലവില്‍ ചെന്നൈയിലെ വസതിയിലാണ് അദ്ദേഹം വിശ്രമത്തില്‍ കഴിയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍