മമ്മൂട്ടി എന്ന നടനെ ഏത് കഥാപാത്രവും വിശ്വസിച്ച് ഏല്‍പ്പിക്കാം. സംവിധായകനും എഴുത്തുകാരനും മനസില്‍ കാണുന്നതിനേക്കാള്‍ ഉജ്ജ്വലമായി ആ കഥാപാത്രത്തെ മമ്മൂട്ടി ഉള്‍ക്കൊണ്ട് അഭിനയിക്കുമെന്ന് ഉറപ്പ്. മമ്മൂട്ടിയുടെ അഭിനയവൈഭവത്താല്‍ പൊന്നുപോലെ തിളങ്ങിയ, വജ്രം പോലെ ജ്വലിച്ച എത്ര കഥാപാത്രങ്ങള്‍ !
‘മഴയെത്തും മുന്‍പെ’യിലെ കോളജ് പ്രൊഫസര്‍ നന്ദകുമാര്‍ വര്‍മയെ ഓര്‍മയില്ലേ? നഷ്ടപ്പെട്ടുപോയ ജീവിതമോര്‍ത്ത് അന്യനാട്ടില്‍ ഉരുകിയുരുകിക്കഴിയുന്ന മനുഷ്യന്‍. മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനത്താല്‍ നന്ദകുമാര്‍ ഇന്നും ഏവര്‍ക്കും ഒരു വേദനയാണ്.
ശ്രീനിവാസന്‍റേതായിരുന്നു മഴയെത്തും മുന്‍പെയുടെ തിരക്കഥ. കമല്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ മഴയെത്തും മുന്‍പെയാണ് ഏറ്റവും മനോഹരമെന്ന് പലരും പറയാറുണ്ട്. എല്ലാം കൊണ്ടും ഗംഭീരമായ ചിത്രമായിരുന്നു അത്.
ഇപ്പോഴും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന അതീവസുന്ദരമായ വിഷ്വല്‍സ് ആ സിനിമയ്ക്ക് നല്‍കിയത് ക്യാമറാമാന്‍ എസ് കുമാറാണ്. രവീന്ദ്രനായിരുന്നു സംഗീതം. ‘എന്തിന് വേറൊരു സൂര്യോദയം...’, ‘ആത്‌മാവിന്‍ പുസ്തകത്താളില്‍...’, ‘എന്നിട്ടും നീ വന്നില്ലല്ലോ...’ തുടങ്ങിയ ഗാനങ്ങള്‍ ആരും ഒരിക്കലും മറക്കുകയില്ല.
ശോഭനയും ആനിയുമായിരുന്നു ചിത്രത്തിലെ നായികമാര്‍. ആനിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ശ്രുതി. തിരക്കഥയുടെ മിഴിവും സംവിധാനത്തിന്‍റെ അടക്കവുമെല്ലാം ചേര്‍ന്ന് ഒരു ഒന്നാന്തം സിനിമയായി മഴയെത്തും മുന്‍പെ മാറി.
1995ല്‍ റിലീസായ ചിത്രം വന്‍ ഹിറ്റായി. കലാമൂല്യവും ജനപ്രീതിയുമുള്ള സിനിമയായി സംസ്ഥാന സര്‍ക്കാര്‍ മഴയെത്തും മുന്‍പെയെ തിരഞ്ഞെടുത്തു. മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ഈ സിനിമയ്ക്കായിരുന്നു. മികച്ച സംവിധായകനുള്ള രാമു കാര്യാട്ട് പുരസ്കാരം മഴയെത്തും മുന്‍പെയിലൂടെ കമല്‍ നേടി. ഒരു കോളജ് പ്രൊഫസര്‍ കഥാപാത്രം എന്നാല്‍ മലയാളത്തില്‍ അത് മഴയെത്തും മുന്‍പെയിലെ പ്രൊഫസര്‍ നന്ദകുമാര്‍ വര്‍മയാണ്. അതിനപ്പുറം നില്‍ക്കുന്ന ഒരു പ്രൊഫസര്‍ കഥാപാത്രത്തെ മറ്റൊരു നടനും ചെയ്യാനില്ല.
മഴയെത്തും മുന്‍പെ റിലീസായി പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. ‘സമീര്‍: ദി ഫയര്‍ വിത്തിന്‍’ എന്നായിരുന്നു ചിത്രത്തിന് പേര്. അജയ് ദേവ്ഗണ്‍, അമീഷ പട്ടേല്‍, മഹിമ ചൌധരി എന്നിവരായിരുന്നു പ്രധാന റോളുകളില്‍.