നവാഗതനായ ജിതിന്‍ കെ ജോസിന്റെ ചിത്രത്തില്‍ നായകവേഷം ചെയ്യാന്‍ മമ്മൂട്ടി. ഗൗതം വാസുദേവ് മേനോന്‍ ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയായാല്‍ മമ്മൂട്ടി പുതിയ സിനിമയില്‍ ജോയിന്‍ ചെയ്യും. സെപ്റ്റംബര്‍ അവസാനത്തോടെയോ ഒക്ടോബര്‍ ആദ്യത്തിലോ ആയിരിക്കും ചിത്രീകരണം ആരംഭിക്കുക.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'കുറുപ്പ്' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ജിതിന്‍ കെ ജോസ്. മമ്മൂട്ടി കമ്പനിയായിരിക്കും ചിത്രം നിര്‍മിക്കുക. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. ജിതിന്‍ കെ ജോസ് തന്നെയാണ് തിരക്കഥ. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കും. ത്രില്ലര്‍ ഴോണറില്‍ ആയിരിക്കും ചിത്രം ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന 'ഡൊമിനിക്ക് ആന്റ് ദി ലേഡീസ് പേഴ്‌സ്' അവസാനഘട്ട ചിത്രീകരണത്തിലാണ്. ഷെര്‍ലക് ഹോംസ് കഥകളില്‍ നിന്ന് സാരാംശം ഉള്‍ക്കൊണ്ട് ചെയ്യുന്ന ചിത്രത്തില്‍ പ്രൈവറ്റ് ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി അഭിനയിക്കുക. മമ്മൂട്ടി കമ്പനി തന്നെയാണ് നിര്‍മാണം. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ ചെയ്യുന്ന സിനിമ കൂടിയാണ് ഇത്.