മമ്മൂട്ടി ചെയ്ത സിനിമകൾ മറ്റാർക്കും ചെയ്യാൻ കഴിയില്ല! - സംവിധായകന് പറയാനുള്ളത്...

വെള്ളി, 30 ഡിസം‌ബര്‍ 2016 (11:55 IST)
സംഭവകഥകളിൽനിന്ന് ഊർജം ഉൾക്കൊണ്ട് തിരക്കഥയെഴുതുന്ന മലയാളത്തിലെ അപൂർവം തിരക്കഥാകൃത്തുകളിൽ ഒരാളാണ് എ കെ സാജൻ. അഭയകേസായിരുന്നു ക്രൈം ഫയൽ എന്ന ചിത്രത്തിന്റെ തിരക്കഥയിലേക്ക് വഴിതെളിച്ചത്. പുതിയ നിയമവും അത്തരമൊരു യഥാർഥ സംഭവത്തിൽനിന്നാണ് സിനിമയായത്. ധ്രുവം, ചിന്താമണി കൊലക്കേസ്, നാദിയ കൊല്ലപ്പെട്ട രാത്രി, ക്രൈം ഫയൽ, മീനത്തിൽ താലികെട്ട്, ബട്ടർ ഫ്ലൈസ് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്താണ് സാജൻ. 
 
രചയിതാവെന്ന നിലയിൽ മമ്മൂട്ടിക്കൊപ്പം ധ്രുവത്തിലും ദ്രോണയിലും പ്രവർത്തിച്ച എ കെ സാജൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു പുതിയ നിയമം. സം‌വിധായകന് മമ്മൂട്ടിയേയും മോഹൻലാലിനെ കുറിച്ചും പറയുമ്പോൾ നൂറ് നാവാണ്. വലിയവവെന്നോ ചെറിയവനെന്നോ വേർതിരിവില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറുന്നയാളാണ് ഇരുവരും എന്ന് സാജൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുന്നു. പ്രീയപ്പെട്ടവരുടെ ചെറിയ കാര്യങ്ങളിൽ പോലും അതീവ ശ്രദ്ധയുള്ളവരാണ് ഇരുവരും. മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും കാലം കഴിഞ്ഞാൽ ന‌മ്മൾ അനാഥരാകുമെന്നും സാജൻ പറയുന്നു.
 
സംവിധായകൻ പത്മരാജൻ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ ഒരു പത്തു സിനിമയെങ്കിലും മമ്മൂട്ടിയെ വെച്ച് എടുത്തിട്ടുണ്ടാകും. കണ്ടാൽ ഓടിവന്ന് കെട്ടിപ്പിടിക്കുന്ന സ്വാഭാവമല്ല മമ്മൂട്ടി‌ക്ക്, പരിചയപ്പെട്ട് കഴിഞ്ഞാൽ പതുക്കെ ആ സ്നേഹം നമ്മളിലേക്ക് ചൊരിയും. പിന്നീട് നമ്മുടെ വ്യക്തി ജീവിതത്തിൽ പോലും സ്വാധീനം ചെലുത്താൻ മമ്മൂട്ടിയ്ക്ക് കഴിയും. മമ്മൂട്ടി ചെയ്ത സിനിമകൾ മറ്റാർക്കും ചെയ്യാൻ കഴിയില്ല എന്നും സാജൻ പറയുന്നു.

വെബ്ദുനിയ വായിക്കുക