Mammootty: മമ്മൂട്ടിയുടെ തിരിച്ചുവരവ് ആഘോഷമാക്കാന്‍ ആരാധകര്‍, അടുത്ത ആഴ്ച കൊച്ചിയില്‍; 'കളങ്കാവല്‍' റിലീസ് പ്രഖ്യാപിക്കും

രേണുക വേണു

ശനി, 26 ജൂലൈ 2025 (08:55 IST)
Mammootty

Mammootty: ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മമ്മൂട്ടി കേരളത്തില്‍ തിരിച്ചെത്തുന്നു. മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനാണെന്നും അടുത്ത ആഴ്ച കൊച്ചിയില്‍ എത്തുമെന്നുമാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. നിലവില്‍ കുടുംബസമേതം ചെന്നൈയിലാണ് താരം. 
 
ചികിത്സകളുടെ ഭാഗമായാണ് മമ്മൂട്ടി കുടുംബത്തോടൊപ്പം ചെന്നൈയിലേക്ക് പോയത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ താരം ചികിത്സയ്ക്കു വിധേയനായിരുന്നു. മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിക്കൊപ്പം ചെന്നൈയില്‍ ആയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ദുല്‍ഖര്‍ കൊച്ചിയില്‍ തിരിച്ചെത്തി. ചികിത്സകള്‍ പൂര്‍ത്തിയാക്കി ശാരീരിക വ്യായാമത്തിനു പ്രാധാന്യം നല്‍കിയാണ് മമ്മൂട്ടി ഇപ്പോള്‍ വിശ്രമം തുടരുന്നത്. 
 
നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്‍' ആണ് മമ്മൂട്ടിയുടേതായി തിയറ്ററുകളിലെത്താനുള്ള ചിത്രം. കൊച്ചിയില്‍ എത്തിയാല്‍ ഉടന്‍ മമ്മൂട്ടി 'കളങ്കാവല്‍' സിനിമ കാണും. അതിനുശേഷമായിരിക്കും റിലീസ് പ്രഖ്യാപനം. ഓഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബര്‍ ആദ്യമോ ആയിരിക്കും കളങ്കാവല്‍ റിലീസ്. മമ്മൂട്ടി കമ്പനിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. 
 
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. കൊച്ചിയിലാണ് ചിത്രീകരണം. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയാണ് പ്രധാന നായകന്‍. മമ്മൂട്ടിയുടെ രംഗങ്ങള്‍ കൂടിയാണ് ഇനി ചിത്രീകരിക്കാനുള്ളത്. 
 
മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയായ ശേഷം 'ഫാലിമി' സംവിധായകന്‍ നിതീഷ് സഹദേവ് ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യും. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ഈ ചിത്രം കോമഡി-ആക്ഷന്‍ ഴോണറില്‍ ഉള്ളതാണ്. നിതീഷ് സഹദേവ് ചിത്രത്തിനു ശേഷം അന്‍വര്‍ റഷീദ്, ഖാലിദ് റഹ്‌മാന്‍ സിനിമകളിലായിരിക്കും മമ്മൂട്ടി അഭിനയിക്കുക. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടി നായകനാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍