മുതിർന്നവർ മുതൽ യുവതാരങ്ങൾ വരെ മമ്മൂട്ടിയുമായി സൗഹൃദത്തിലാണ്. മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് പല നടിമാരും തുറന്നു ഓറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിയെക്കുറിച്ച് നടി അനുശ്രീ പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു. മമ്മൂട്ടിയോട് അങ്ങോട്ട് ഇടിച്ചു കയറാൻ പറ്റില്ലെന്നാണ് അനുശ്രീ പറയുന്നത്. എന്നാൽ സിനിമയിലെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടു പോകണം എന്ന നിർദ്ദേശങ്ങളും ഉപദേശങ്ങളും മമ്മൂട്ടി നൽകാറുണ്ടെന്നും അനുശ്രീ പറയുന്നു.
സിനിമ ഒരു മായാലോകമാണ്. എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. ഇല്ലാതിരിക്കാം. അങ്ങനെ ഇല്ലാതാകുമ്പോൾ കാൽ ഉറപ്പിക്കാൻ വേറൊന്ന് വേണം എന്ന് എന്നെ എപ്പോഴും ഓർമിപ്പിക്കുന്ന ആളാണ് മമ്മൂക്ക. ഇന്ന് സംസാരിച്ചാലും നാളെ സംസാരിച്ചാലും ഒരു മാസം കഴിഞ്ഞ് സംസാരിച്ചാലും ഇക്കാര്യം തന്നെ അദ്ദേഹം നമുക്ക് പറഞ്ഞു തരും എന്നും അനുശ്രീ പറയുന്നു.
''സിനിമയിൽ ഇത്രയും കാലം എന്നതുകൊണ്ടും ഒരുപാട് ആളുകളുടെ ഉയർച്ചയും താഴ്ചയും കണ്ടതുമാകാം അദ്ദേഹം ഇക്കാര്യത്തെക്കുറിച്ചെല്ലാം പറഞ്ഞു തരുന്നത്. തെസ്‌നിഖാൻ ചേച്ചി ഫ്‌ളാറ്റ് വാങ്ങിയതെല്ലാം മമ്മൂക്ക പറഞ്ഞിട്ടാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. സിനിമയിലെ ബാക്കിയെല്ലാവരും ഹായ് ബൈ പറഞ്ഞു പോകുമ്പോൾ എന്തെങ്കിലും ഉണ്ടാക്കണം എന്ന് പറയുന്നത് മമ്മൂക്ക മാത്രമാണ്'' അനുശ്രീ പറയുന്നു.