ബാല സാര്‍ എന്നെ തല്ലിയിട്ടില്ല, ആ സിനിമയില്‍ പിന്മാറിയത് മറ്റു കമ്മിറ്റ്‌മെന്റുകള്‍ മൂലം; വിശദീകരണവുമായി നടി മമിത ബൈജു

രേണുക വേണു

വെള്ളി, 1 മാര്‍ച്ച് 2024 (15:36 IST)
Mamitha Baiju

സംവിധായകന്‍ ബാലയെക്കുറിച്ച് ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ചിലര്‍ തെറ്റായി വളച്ചൊടിച്ചുവെന്ന് നടി മമിത ബൈജു. സംവിധായകന്‍ ബാലയില്‍ നിന്ന് തനിക്ക് മാനസികമോ ശാരീരികമോ ആയ ഉപദ്രവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മമിത പറഞ്ഞു. 'വണങ്കാന്‍' സിനിമയുടെ സെറ്റില്‍ സംവിധായകന്‍ ബാല തന്നെ ഒരുപാട് തവണ വഴക്ക് പറഞ്ഞിരുന്നുവെന്നു മമിത പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതിനെ പലരും തെറ്റായി വ്യാഖ്യാനിച്ചെന്നാണ് മമിത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വിശദീകരിച്ചിരിക്കുന്നത്. 
 
' ഒരു തമിഴ് സിനിമയുമായി ബന്ധപ്പെട്ട് എന്റെ പേരില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ഒരു സിനിമ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് തെറ്റായി പ്രചരണം നടത്തുകയാണ്. ആ സിനിമയുടെ പ്രീ പ്രൊഡക്ഷനും പ്രൊഡക്ഷനുമൊക്കെ ആയി ബാല സാറിനൊപ്പം ഒരു വര്‍ഷത്തോളം ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട അഭിനേതാവാകാന്‍ അദ്ദേഹം എന്നെ സഹായിച്ചിട്ടുണ്ട്. ഒരു നല്ല അഭിനേത്രി എന്ന നിലയില്‍ ഉയരാന്‍ അദ്ദേഹം ഒരുപാട് ഉപദേശങ്ങള്‍ നല്‍കി. എനിക്ക് ഒരു തരത്തിലുമുള്ള മാനസിക, ശാരീരിക ഉപദ്രവങ്ങള്‍ ആ സിനിമയ്ക്കിടെ സഹിക്കേണ്ടി വന്നിട്ടില്ല. മറ്റു പ്രൊഫഷണല്‍ കമ്മിറ്റ്‌മെന്റുകള്‍ മൂലമാണ് ഞാന്‍ ആ സിനിമയില്‍ നിന്ന് പിന്മാറിയത്,' മമിത കുറിച്ചു. 

#MamithaBaiju's clarification on the controversial interview bit, which circulated on social media. She clarified that it was misquoted by a few, and she opted out of #Bala's film because of other professional commitments. pic.twitter.com/KQgveJr0Wc

— AB George (@AbGeorge_) February 29, 2024
സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് 'വണങ്കാന്‍'. എന്നാല്‍ പിന്നീട് ഈ സിനിമയില്‍നിന്നും സൂര്യ പിന്മാറി. പിന്നാലെ മമിതയും പിന്മാറുകയായിരുന്നു. നാല്‍പത് ദിവസത്തോളം ഷൂട്ട് ചെയ്ത സിനിമയുടെ ചിത്രീകരണം ആദ്യം മുതല്‍ ആരംഭിക്കേണ്ടി വന്നതോടെയാണ് മമിത പിന്മാറിയത്. മമിത നായികയായി എത്തിയ 'പ്രേമലു' ഇപ്പോള്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍