പുലിമുരുകന് ശേഷം തീയേറ്ററിൽ കയ്യടി കിട്ടിയ സിനിമയേതെന്ന് ചോദിച്ചാൽ എതൊരു സിനിമാ പ്രേമിയ്ക്കും സംശയമില്ലാതെ പറയാം. അത് ഒരു മെക്സിക്കൻ അപാരത ആണെന്ന്. ഇടതുപക്ഷ പ്രസ്ഥാനത്തിന് കേരള സമൂഹത്തിലും കേരളത്തിന്റെ കലാലയങ്ങളിലും ഉള്ള സ്ഥാനമാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.
രാഷ്ട്രീയ ക്യാംപസില്‍ പഠിച്ചിട്ടുള്ള ആര്‍ക്കും സിനിമ കാണുമ്പോള്‍ രോമാഞ്ചമുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. പല യാതനകളും സഹിച്ച് എസ് എഫ് വൈയുടെ ചെങ്കൊടി ക്യാംപസില്‍ നാട്ടുനിടത്താണ് സിനിമ അവസാനിക്കുന്നത്. എല്ലാവര്‍ക്കും കണ്ടിരിക്കാവുന്ന ചിത്രമാണെങ്കിലും ക്യാംപസുകളില്‍ പഠിക്കുന്നവര്‍ക്കും പഠിച്ചു കഴിഞ്ഞവര്‍ക്കും സിനിമ ആവേശം പകരും.
കെ എസ് ക്യുവിന്റെ നീലാകാശത്ത് വിപ്ലവത്തിന്റെ ചെങ്കൊടി പാറിക്കുന്ന ടൊവിനോയെ ആരുമൊന്ന് സ്നേഹിച്ച് പോകും. തീയേറ്ററുകൾ പൂരപ്പറമ്പാകുകയാണ്. റിലീസ് ചെയ്ത എല്ലാ തീയേറ്ററിൽ നിന്നും ലഭിക്കുന്നത് കിടിലൻ റിപ്പോർട്ടുകളാണ്. ഇങ്ങനെ ഒരു സ്വീകരണം സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് മാത്രമേ കിട്ടാറുള്ളുവെന്ന് തീയേറ്റർ ഉടമകൾ തന്നെ പറയുന്നു.
നായകന്റെ ഇൻട്രോ മുതല്‍ ക്ലൈമാക്‌സ് വരെ നിലയ്ക്കാത്ത മുദ്രാവാക്യങ്ങളാണ്. ഓരോ ഇടതുപക്ഷ വിദ്യാര്‍ത്ഥി സഹയാത്രികന്റേയും ആവേശത്തെ ഉത്തേജിപ്പിക്കുന്നുണ്ട് ചിത്രം. ചെങ്കടൽ തീയേറ്ററുകളിലേക്ക് വരും ദിവസങ്ങളിൽ ഒഴുകിയെത്തുമെന്ന കാര്യത്തിൽ സംശയമില്ല.