സിനിമയെന്ന മായികലോകത്ത് താന്‍ ഏകാകിയാണ്: പൃഥ്വിരാജ്

Webdunia
ഞായര്‍, 20 സെപ്‌റ്റംബര്‍ 2015 (15:11 IST)
സിനിമ ലോകത്ത് തനിക്ക് ശക്തമായ സൌഹൃദങ്ങളൊന്നുമില്ലെന്ന് പൃഥ്വിരാജ്. സൌഹൃദങ്ങളൊന്നുമില്ല എന്ന് പറയുബോള്‍ മറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല. ചില സുഹൃത്‌ ബന്ധങ്ങള്‍ അന്നും ഇന്നും കൂടെ തന്നെയുണ്ട്. അതിനാല്‍ സിനിമാ ലോകത്ത് തനിക്ക്  സൌഹൃദങ്ങളില്ല എന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും മലയാളത്തിന്റെ യുവ സൂപ്പര്‍ താരം പറഞ്ഞു.

സിനിമ ലോകത്തും പുറത്തുമായി വലിയ സുഹൃത്ത് ബന്ധങ്ങളുണ്ടെന്ന് ഞാനൊരിക്കലും പൊങ്ങച്ചം പറയാറില്ല. കഥ ഇഷടമായാല്‍ ഏത് വേഷവും ചെയ്യുന്നതിന് മടിയില്ല. കഥയ്‌ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇപ്പോള്‍ ചെയ്യുന്ന ചിത്രം നാദിര്‍‌ഷാ ആദ്യമായി സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ ആന്റണിയാണ്. ഇന്ദ്രജിത്തും ജയസൂര്യയും താനുമാണ് ഈ സിനിമയില്‍ നായകന്‍മാരാകുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. മള്‍ട്ടി സ്റ്റാര്‍ ചിത്രമായ അമര്‍ അക്ബര്‍ ആന്റണി വ്യത്യസ്ഥമായ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കരിയര്‍ ഡിസൈന്‍ ചെയ്‌ത് ആ വഴിയെ പോകുന്ന രീതി തനിക്കില്ല. ഇന്ദ്രജിത്തും ജയസൂര്യയും താനും ഏതാണ്ട് ഒരേസമയത്ത് സിനിമാ ലോകത്ത് വന്നവരാണ്. മൂന്നു പേരും വ്യത്യസ്തമായി ചിന്തിക്കുകയും സിനിമയെ നോക്കിക്കാണുകയും ചെയ്യുന്നവരാണ്. അതിനാല്‍ തന്നെ മൂന്നു പേരും മൂന്നുവഴിയിലൂടെയാണ് യാത്ര ചെയ്യുന്നതെന്നും രാജു പറഞ്ഞു.

ഓരാ സിനിമയും ഒരു യാത്രയാണ്, ആ യാത്രയുടെ ആദ്യന്തം മുതല്‍ അതിന്റെ ഭാഗമാകാനാണ് എനിക്കിഷ്ടം. അതൊരു അനുഭവമാണ്. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം കഥാപാത്രങ്ങളില്‍ പലതും ആവര്‍ത്തനങ്ങളാണെന്ന് പൃഥി പറഞ്ഞു. ഷൂട്ടിംഗ് വേളയില്‍
ഷോട്ട് കഴിഞ്ഞാല്‍ കാരവാനില്‍ പോയി വിശ്രമിക്കുന്ന ശീലം തനിക്കില്ല. എപ്പോഴും ആ സിനിമയുടെ കൂടെ നിന്ന് പ്രവര്‍ത്തിക്കാനും അതില്‍ പങ്കുച്ചേരാനുമാണ് തനിക്കിഷ്‌ടമെന്നും പൃഥ്വിരാജ് പറഞ്ഞു.

സിനിമയും ഷോട്ടുകളും ആവര്‍ത്തിക്കപ്പെടുന്നത് സ്വാഭാവികമാണ്. എല്ലാ ഷോട്ടുകളും പുതിയതാണെന്നും അതിന് മികവ്  കൂടുതലാണെന്നും താന്‍ അവകാശപ്പെടാറില്ല. പല സാഹചര്യത്തിലും ഷോട്ടുകള്‍ ആവര്‍ത്തിക്കുന്നത് പലതവണ കാണാറുണ്ട്. എന്നാല്‍ പൂര്‍ണ്ണമായ ഒരു ജോലിയും ഈ ലോകത്ത് ഇല്ലെന്ന് വിശ്വസിക്കുന്ന തനിക്ക് ആ അനുഭവങ്ങളെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.