വളരെ സൈലന്റായി എത്തി തിയറ്ററുകളില്‍ പൊട്ടിച്ചിരി പടര്‍ത്തുകയാണ് സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത മധുര മനോഹര മോഹം. മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രം വളരെ സര്‍ക്കാസ്റ്റിക്കായാണ് തുടക്കം മുതല്‍ ഒടുക്കം വരെ കഥ പറയുന്നത്. കേരളത്തിലെ ജാതി ഭ്രാന്തിനെ കണക്കിനു പരിഹസിക്കുന്നുണ്ട് ചിത്രം. പ്രേക്ഷകര്‍ക്ക് ഊറി ചിരിക്കാനുള്ള എല്ലാ വകയും മധുര മനോഹര മോഹം തുടക്കം മുതല്‍ ഒടുക്കം വരെ നല്‍കുന്നുണ്ട്.
കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതീയതയെ കുറിച്ച് സിനിമ സംസാരിക്കുന്നുണ്ട്. നാട്ടിലെ നായര്‍ സമുദായത്തേയും കരയോഗത്തേയും സര്‍ക്കാസ്റ്റിക്ക് ആയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിജയരാഘവന്‍, ബിന്ദു പണിക്കര്‍ എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നു.