Lucky Bhaskar Trending on Netflix: ഒരപൂര്‍വ്വ റെക്കോര്‍ഡുമായി ദുല്‍ഖര്‍ ചിത്രം; 90 ദിവസങ്ങള്‍ക്ക് ശേഷവും നെറ്റ്‌ഫ്ലിക്‌സില്‍ തരംഗം

നിഹാരിക കെ.എസ്

വെള്ളി, 28 ഫെബ്രുവരി 2025 (09:45 IST)
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമാണ് 'ലക്കി ഭാസ്‌കര്‍'. കഴിഞ്ഞ നവംബര്‍ ആയിരുന്നു ചിത്രം റിലീസ് ആയത്. തിയേറ്റർ റിലീസിന് പിന്നാലെ ഒ.ടി.ടിയില്‍ റിലീസ് ആയപ്പോഴും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. മൂന്ന് മാസമായി ചിത്രം നെറ്റ്ഫ്ലിക്സിൽ തരംഗം സൃഷ്ടിക്കുകയാണ്.  
 
ഇപ്പോഴിതാ ചിത്രം വീണ്ടും ട്രെൻഡിംഗ് ലിസ്‌റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യൻ ചിത്രമായും ലക്കി ഭാസ്‌കർ മാറിയിരിക്കുകയാണ്. ഇന്ത്യൻ സിനിമയിൽ തരംഗം സൃഷ്‌ടിച്ച മറ്റൊരു തെന്നിന്ത്യൻ ചിത്രത്തിനും സ്വന്തമാക്കാനാവാത്ത റെക്കോർഡാണ് ഈ ദുൽഖർ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഒടിടിയില്‍ എത്തിയത് മുതല്‍ ചിത്രം ആഗോള തലത്തിൽ ട്രെൻഡിംഗ് ആയിരുന്നു.
 
ഒടിടി റിലീസിന് മുമ്പ് തിയേറ്ററുകളിൽ ബ്ലോക്ക്‌ബസ്‌റ്ററായ ചിത്രത്തിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും അഭൂതപൂർവ്വമായ സ്വീകരണമാണ് ആഗോള തലത്തിലുള്ള പ്രേക്ഷകർ നൽകിയത്. വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നെറ്റ്ഫ്ലിക്‌സ് സ്ട്രീമിംഗിൽ ഒന്നാമതായിരുന്നു. സിംഗപ്പൂർ, പാകിസ്ഥാൻ, ബഹ്‌റൈൻ, മാലിദ്വീപ്, കുവൈറ്റ് എന്നിവിടങ്ങളിലും ചിത്രം ട്രെൻഡിംഗിൽ ആദ്യ പത്തിൽ ഇടം നേടിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ലിക്‌സിൽ സ്ട്രീമിംഗ് ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍