ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നു, ഇനി ഒ.ടി.ടി. വരുമ്പോള്‍ കാണാം; 2018 നെതിരെ ഇടത് പ്രൊഫൈലുകള്‍

വ്യാഴം, 11 മെയ് 2023 (09:15 IST)
മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചുള്ള സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ഇടത് പ്രൊഫൈലുകള്‍. ജൂഡ് സംവിധാനം ചെയ്ത 2018 എന്ന സിനിമയുടെ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുകയാണെന്നും ഇനി ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തിയാല്‍ മാത്രമേ ചിത്രം കാണൂ എന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു. 2018 ല്‍ കേരളത്തില്‍ നടന്ന പ്രളയത്തെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയാണ് ജൂഡിന്റെ 2018. മുഖ്യമന്ത്രിയായി തനിക്ക് അത്ര പവര്‍ഫുള്ളായ ആളെ വേണ്ടിയിരുന്നില്ല എന്ന ജൂഡിന്റെ പരമാര്‍ശമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. 
 
പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനെ നിസഹായനായി സിനിമയില്‍ ചിത്രീകരിച്ചു എന്നതായിരുന്നു ജൂഡിനെതിരായ പ്രധാന വിമര്‍ശനം. ജനാര്‍ദ്ദനന്‍ ആണ് ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷം അവതരിപ്പിച്ചത്. യഥാര്‍ഥത്തില്‍ രണ്‍ജി പണിക്കരെയാണ് ഈ കഥാപാത്രത്തിനായി ആലോചിച്ചിരുന്നതെന്ന് ജൂഡ് പറയുന്നു. 
 
' ചീഫ് മിനിസ്റ്ററായി ആദ്യം രണ്‍ജി പണിക്കര്‍ സാറെയാണ് ആലോചിച്ചത്. സാറ് പക്ഷേ പവര്‍ഫുള്ളാണ്. ആള്‍റെഡി കാണുമ്പോള്‍ തന്നെ അറിയാം...ഒരു വെള്ളപ്പൊക്കം വന്നാലും നേരിടും എന്ന്. അതിലൊരു ഗുമ്മില്ല. അതുകൊണ്ടാണ് മാറ്റിയത്,' ജൂഡ് പറഞ്ഞു. 
 
'പത്രസമ്മേളനത്തില്‍ ഒന്നും പേടിക്കാന്‍ ഇല്ല എന്നായിരുന്നു പ്രളയകാലത്ത് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന്റെയൊന്നും കണ്‍ട്രോള്‍ ഇവരുടെ ആരുടെയും കൈയില്‍ അല്ലായിരുന്നു. മുഖ്യമന്ത്രി പറഞ്ഞിരുന്നത് വെറും വിവരങ്ങള്‍ മാത്രമാണ്. സാധാരണ ജനങ്ങളുടെ ഭാഗത്തു നിന്നുള്ള കഥ മറ്റൊന്നാണ്. സാധാരണക്കാരന്റെ വീട്ടില്‍ എന്താണ് അവന്‍ അനുഭവിച്ചത് എന്നാണ് ഞാന്‍ സിനിമയില്‍ പറയുന്നത്. മീഡിയ ചെയ്യുന്നത് എന്താണെന്നോ മുഖ്യമന്ത്രി ചെയ്യുന്നത് എന്താണെന്നോ അവന് അറിഞ്ഞുകൂടാ. ആരെയും കുറ്റം പറയാന്‍ വേണ്ടി എടുത്ത ചിത്രമല്ല ഇത്,' ജൂഡ് കൂട്ടിച്ചേര്‍ത്തു.
 
പ്രളയത്തില്‍ എല്ലാം തകര്‍ന്ന അവസ്ഥയില്‍ നിന്ന് കേരളത്തെ ഇപ്പോള്‍ കാണുന്ന അവസ്ഥയിലേക്ക് എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇച്ഛാശക്തി കൊണ്ടാണെന്നും ആ ചരിത്രം അറിയില്ലെങ്കില്‍ ജൂഡ് അത് പഠിക്കുകയാണ് വേണ്ടതെന്നും ഇടത് പ്രൊഫൈലുകള്‍ വിമര്‍ശിക്കുന്നു. ജൂഡിന്റെ ഈ പരാമര്‍ശത്തെ തുടര്‍ന്ന് ചിത്രം തിയറ്ററില്‍ പോയി കാണില്ലെന്നും നിരവധി പേര്‍ കമന്റ് ചെയ്തു. 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍