അംബാനിമാർ ആരാണെന്ന് അറിയില്ലായിരുന്നു, 18 കിലോ ക്ഷണക്കത്ത് കണ്ട് വന്നു; ഡയമണ്ട് നഷ്ടപ്പെട്ടുവെന്ന് കിം കർദാഷിയാൻ

നിഹാരിക കെ.എസ്

വെള്ളി, 14 മാര്‍ച്ച് 2025 (11:25 IST)
മുംബൈ: മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ ആനന്ത് അംബാനിയും രാധിക മർച്ചന്‍റും തമ്മിലുള്ള വിവാഹം കഴിഞ്ഞ ജൂലൈ ആയിരുന്നു. ജൂലൈ 12 ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്‍ററിൽ വെച്ച് നടത്തപ്പെട്ട വിവാഹത്തിൽ പങ്കെടുക്കാൻ ലോകമറിയുന്ന നിരവധി പേരെത്തിയിരുന്നു. ലോകത്തിലെ തന്നെ അറിയപ്പെടുന്ന ഫാഷന്‍ ഇന്‍ഫ്യൂവെന്‍സര്‍മാരായ കിം കർദാഷിയാനും സഹോദരി ക്ലോയി കർദാഷിയാനും പങ്കെടുത്ത ഒരു താരനിബിഡമായ വിവാഹമായിരുന്നു അത്. 
 
ദി കർദാഷിയൻസ് എന്ന അവരുടെ ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ, കിമ്മും ക്ലോയിയും തങ്ങളുടെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചും അംബാനി വിവാഹത്തെക്കുറിച്ചും സംസാരിച്ചു. തങ്ങള്‍ക്ക് അംബാനിമാര്‍ ആരാണെന്ന് അറിയില്ലായിരുന്നുവെന്നും തങ്ങള്‍ക്ക് കോമണായി അറിയുന്ന സുഹൃത്തുക്കള്‍ ഉണ്ടെന്നും കിം കർദാഷിയാന്‍ പറയുന്നു. അതിലൊന്ന് ജ്വല്ലറി ഡിസൈനറായ ലോറൈൻ ഷ്വാർട്സ് ആയിരുന്നു. അവരായിരുന്നു അംബാനി വിവാഹത്തിന്‍റെ ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്തത്. 
 
അവര്‍ വഴിയാണ് ഞങ്ങള്‍ വിവാഹത്തിന് ക്ഷണിച്ചാല്‍ എത്തുമോ എന്ന് അംബാനി കുടുംബം അന്വേഷിച്ചത്. തീര്‍ച്ചയായും എന്നായിരുന്നു മറുപടി. അത്തരത്തില്‍ വിവാഹ ക്ഷണക്കത്ത് എത്തി, അത് തന്നെ 18-20 കിലോ ഉണ്ടായിരുന്നു. തുറക്കുമ്പോള്‍ തന്നെ സംഗീതം വരുമായിരുന്നു. ശരിക്കും അത് കണ്ടതോടെ ഇത്തരം ഒരു വിവാഹം എങ്ങനെ ഒഴിവാക്കും എന്ന് ഞങ്ങള്‍ ചിന്തിച്ചുവെന്ന് ഇവർ പറയുന്നു.
 
വിവാഹ ചടങ്ങില്‍ പങ്കെടുക്കവെ താന്‍ ധരിച്ച രത്ന നെക്ലേസില്‍ നിന്നും ഒരു ഡയമണ്ട് അടര്‍ന്ന് പോയെന്നും അത് എവിടെ പോയെന്ന് മനസിലായില്ലെന്നും അതിന് വേണ്ടി തിരഞ്ഞെന്നും കർദാഷിയാന്‍ സഹോദരിമാര്‍ വ്യക്തമാക്കി. തനിക്ക് ഏറെ സങ്കടം തോന്നിയെന്നും ആ രത്നം പിന്നീട് ലഭിച്ചില്ലെന്നും കിം കർദാഷിയാന്‍ വ്യക്തമാക്കി. ദി കർദാഷിയൻസ് എപ്പിസോഡ് തന്നെ അവസാനിക്കുന്നത് അംബാനി കല്ല്യാണത്തിനിടെ നഷ്ടപ്പെട്ട ഡയമണ്ടിന്‍റെ പാവന സ്മരണയ്ക്ക് എന്ന് പറഞ്ഞാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍